SHARE

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉറപ്പായും സ്ഥാനമുണ്ടാകുമെന്ന് കരുതപ്പെട്ടിരുന്ന കളികാര നായിരുന്നു മധ്യനിര ബാറ്റ്സ്മാനായ അമ്പാട്ടി റായുഡു. എന്നാൽ റായുഡുവിനെ ടീമിൽ നിന്നു തഴഞ്ഞ് പകരം ഓൾ റൗണ്ടർ വിജയ് ശങ്കറെയായിരുന്നു സെലക്ടർമാർ ലോകകപ്പ് സംഘത്തിൽ ഉൾപ്പെടുത്തിയത്. പിന്നീട് പകരക്കാരനായി പോലും ലോകകപ്പ് ടീമിൽ റായുഡുവിനെ ഉൾപ്പെടുത്താൻ സെലക്ടർമാർ തയ്യാറാകാതിരുന്നതോടെ, അവർക്കെതിരെ പൊട്ടിത്തെറിച്ച് പിന്നാലെ ക്രിക്കറ്റിൽ നിന്ന് റായുഡു വിരമിക്കലും പ്രഖ്യാപിച്ചിരുന്നു.

ഇപ്പോളിതാ ഈ സംഭവങ്ങൾ നടന്ന് ഒരു വർഷത്തിലധികമായപ്പോൾ അന്നത്തെ ടീം സെലക്ഷനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇന്ത്യൻ സെലക്ടർമാരിലൊരാളായ ദേവാംഗ് ഗാന്ധി. 2019 ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് അമ്പാട്ടി റായുഡുവിനെ തിരഞ്ഞെടുക്കാതിരുന്നത് തങ്ങൾ സെലക്ടർമാർക്ക് പറ്റിയ തെറ്റാണെന്നാണ് ഗാന്ധി പറയുന്നത്. അന്ന് സെലക്ഷന്റെ സമയത്ത് ശരിയായ ടീം കോമ്പിനേഷനാണ് തിരഞ്ഞെടുത്തതെന്ന് തങ്ങൾക്ക് തോന്നിയെന്നും, എന്നാൽ പിന്നീട് റായുഡുവിന്റെ സാന്നിധ്യം ടീമിനെ സഹായിക്കുമായിരുന്നുവെന്ന് മനസിലാക്കിയതായും അദ്ദേഹം പറയുന്നു.

ന്യൂസിലൻഡിനെതിരായ സെമി‌ഫൈനലിലെ ടീമിന്റെ മോശം പ്രകടനമാണ് റായുഡുവിന്റെ അഭാവം വലിയ സംസാര വിഷയമാക്കി മാറ്റിയതെന്നാണ് ദേവാംഗ് ഗാന്ധിയുടെ പക്ഷം. ഈ മത്സരമൊഴിച്ച് നിർത്തിയാൽ ലോകകപ്പ് ഇന്ത്യയ്ക്ക് മികച്ചതായിരുന്നുവെന്നും, ടീമിൽ നിന്ന് തഴയപ്പെട്ടതിലുള്ള റായുഡുവിന്റെ ദേഷ്യം തനിക്ക് മനസിലാകുമെന്നും പറഞ്ഞ ഗാന്ധി, റായുഡുവിന്റെ പ്രതികരണങ്ങൾ ന്യായമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.