SHARE

തികച്ചും അപ്രതീക്ഷിതമായാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കാനുള്ള നിയോ​ഗം റിഷഭ് പന്തിലെത്തിയത്. ക്യാപ്റ്റനായി നിയമിക്കപ്പെട്ടിരുന്ന കെഎൽ രാഹുലിന്, പരമ്പര തുടങ്ങുന്നതിന് തൊട്ടുതലേന്ന് പരുക്കേറ്റതോടെയാണ് പന്ത് ടീമിനെ നയിക്കാനെത്തുന്നത്.

പന്തിന് കീഴിൽ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ഇന്ത്യ, പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ജയിച്ചു. അവസാന മത്സരം ഉപേക്ഷിച്ചതോടെ പരമ്പര ഇരുടീമുകളും പങ്കുവച്ചു. പരമ്പരയിലെ പന്തിന്റെ ബാറ്റിങ് പ്രകടനം വളരെയധികം നിരാശപ്പെടുത്തിയ സാഹചര്യത്തിൽ ടീമിലെ ഉറപ്പുള്ള സ്ഥാനം നഷ്ടമാകാനും സാധ്യത തെളിയുന്നുണ്ട്. പന്തിന്റെ ക്യാപ്റ്റൻസിക്കെതിരേയും വിമർശനമുയരുന്നുണ്ട്. മുൻ ഇന്ത്യൻ താരവും മുൻ സിലക്ടറുമായ മദൻ ലാൽ, പന്തിന് ക്യാപ്റ്റൻസി നൽകുന്നത് താൻ തടയുമായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സ്പോർട്സ് തക്കിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഞാനായിരുന്നെങ്കിൽ ക്യാപ്റ്റൻസി പന്തിലേക്കെത്തുന്നതിന് തടയിടുമായിരുന്നു, ‍ഞാനത് അനുവദിക്കില്ലായിരുന്നു, കാരണം പന്തിനെപ്പോലെയൊരു കളിക്കാരന് ക്യാപ്റ്റൻസി കൈമാറാൻ സമയമായിട്ടില്ല, ഇന്ത്യൻ ക്യാപ്റ്റനാകുകയെന്നത് വലിയ ദൗത്യമാണ്, പന്താകട്ടെ ഒരു യുവതാരവും, കൂടുതൽ കാലം കളിക്കുന്നതോടെ അദ്ദേഹത്തിന്റെ പക്വതയും മെച്ചപ്പെടും, അടുത്ത രണ്ട് വർഷത്തിനിടെ തന്റെ ബാറ്റിങ് പ്രകടനം അടുത്ത തലത്തിലേക്കുയർത്താൻ പന്തിന് സാധിച്ചാൽ, അദ്ദേഹത്തിന് നല്ല ക്യാപ്റ്റനുമാകാം, മദൻ ലാൽ പറഞ്ഞു.