SHARE

വിരാട് കോഹ്ലി ടെസ്റ്റ്‌ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതുമായും ബന്ധപ്പെട്ട വിവാദങ്ങൾ കുറച്ചു ദിവസങ്ങളായി ചൂട് പിടിക്കുകയാണ്. ബിസിസിഐയുമായുള്ള തർക്കമാണ് ക്യാപ്റ്റൻസി ഒഴിയാൻ കോഹ്ലിയെ നിർബന്ധിതനാക്കിയതെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.

ഈ സാഹചര്യത്തിൽ വിരാട് കോഹ്ലിക്ക് പിന്തുണയുമായി മുൻ പാകിസ്താൻ പേസർ ഷൊഹൈബ് അക്തർ രംഗത്തെത്തി. ഇന്ത്യൻ ക്രിക്കറ്റിൽ കോഹ്ലിക്കെതിരേ വലിയൊരു ലോബി തന്നെ രംഗത്തുണ്ടെന്ന് അക്തർ തുറന്നടിച്ചു.

ഇന്ത്യ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് അക്തർ ഈ പ്രസ്താവന നടത്തിയത്. കോഹ്ലിയെ സംബന്ധിച്ചിടത്തോളം വളരെ മോശം സമയമാണിത്. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം നേടാൻ സാധിച്ചില്ലെങ്കിൽ കോഹ്ലിയുടെ നായകസ്ഥാനം നഷ്ടപ്പെടുമെന്ന് എനിക്ക് നേരത്തേ അറിയാമായിരുന്നു, അത് സംഭവിച്ചു, കോഹ്ലിയ്ക്കെതിരേ വലിയൊരു സംഘമുണ്ട് ക്രിക്കറ്റിൽ, അതുകൊണ്ടാണ് അദ്ദേഹത്തിന് നായകസ്ഥാനം നഷ്ടപ്പെട്ടത്, അക്തർ പറഞ്ഞു.

കോലിയും ഗാംഗുലിയും തമ്മിലുള്ള തർക്കം രൂക്ഷമാണെന്ന വാർത്തകൾ പുറത്തുവരുന്ന സമയത്താണ് അക്തറും രംഗത്തെത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ കോഹ്ലി ബാറ്റുകൊണ്ട് ഏവർക്കും മറുപടി നൽകുമെന്ന് അക്തർ പറഞ്ഞു.

കോഹ്ലി ക്രിക്കറ്റ് ആസ്വദിച്ച് കളിക്കുന്ന താരമാണ്. അദ്ദേഹത്തിന് ഇനിയും അത് തുടരാനാകട്ടെ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെല്ലാം കോഹ്ലി മറക്കണം, അവരോടുള്ള ദേഷ്യം അദ്ദേഹം മികച്ച കളി പുറത്തെടുത്ത് തീർക്കും, ആ ദേഷ്യത്തിൽ നിന്നായിരിക്കും കോലിയുടെ അടുത്ത 50 സെഞ്ചുറികൾ പിറക്കുക, അക്തർ കൂട്ടിച്ചേർത്തു.