ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുള്ള വലം കൈയ്യൻ ഫാസ്റ്റ് ബോളർ സിദ്ധാർത്ഥ് ത്രിവേദി ഇന്ത്യൻ ക്രിക്കറ്റ് വിട്ടു. അമേരിക്കയിലേക്ക് ചേക്കേറുന്ന താരം സെന്റ് ലൂയിസ് ആസ്ഥാനമായുള്ള അമേരിക്കൻ ക്രിക്കറ്റ് അക്കാദമി ആൻഡ് ക്ലബ്ബിന്റെ (എസിഎസി)പ്ലേയർ കം കോച്ചായി പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്. എസിഎസി ക്ലബ്ബിന്റെ കീഴിലുള്ള സെന്റ് ലൂയിസ് അമേരിക്കൻസ് ടീമിന് വേണ്ടി അമേരിക്കൻ മൈനർ ക്രിക്കറ്റ് ലീഗിലും താരം കളിക്കും.
ഒരു കാലത്ത് ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റിലെ ശ്രദ്ധേയ പേസ് ബൗളർമാരിലൊരാളായിരുന്ന ത്രിവേദി സൗരാഷ്ട്ര, ഗുജറാത്ത് ടീമുകൾക്ക് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ജേഴ്സിയിൽ പുറത്തെടുത്ത പ്രകടനങ്ങളാണ് താരത്തെ ഇന്ത്യൻ ക്രിക്കറ്റിൽ കൂടുതൽ പ്രശസ്തനാക്കിയത്.
ഐപിഎല്ലിന്റെ ആദ്യ 6 സീസണുകളിൽ രാജസ്ഥാൻ ജേഴ്സിയണിഞ്ഞ ത്രിവേദി, ടൂർണമെന്റിൽ കളിച്ച 76 മത്സരങ്ങളിൽ 65 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. രാജസ്ഥാൻ ഐപിഎൽ കിരീടം ചൂടിയ 2008 സീസണിലും പ്ലേ ഓഫിലെത്തിയ 2013 സീസണിലും മികച്ച പ്രകടനങ്ങളായിരുന്നു താരത്തിന്റേത്.