യൂറോപ്പിലെ പ്രധാന ലീഗുകളിൽ മൂന്നിലും വിജയികളെ കണ്ടെത്തി, ലാ ലിഗയിൽ ഏകദേശം വിജയികൾ ഉറപ്പായിട്ടുമുണ്ട്. ഇനി അവശേഷിക്കുന്നത് ഇറ്റലിയിലാണ്, അവിടെ നാപ്പോളിയും യുവന്റസും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. പ്രധാന ലീഗുകളിൽ ഭൂരിപക്ഷത്തിലും ഫലം നേരത്തേയറിഞ്ഞതോടെ രണ്ടാം നിര ലീഗുകളിലേക്കാണിപ്പോൾ ആരാധകരുടെ ശ്രദ്ധ.
അവിടെയാണ് തുർക്കിഷ് സൂപ്പർ ലീഗിലെ സൂപ്പർ പോരാട്ടം ചർച്ചയാകുന്നത്. ലീഗിലെ മുന്നിലുള്ള നാല് ക്ലബുകളും തമ്മിൽ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ്. നാലിൽ ആര് വേണമെങ്കിലും കിരീടജേതാക്കളാകാമെന്ന സാഹചര്യമാണുള്ളത്. ഒന്നാമതുള്ള ഗലാറ്റസരെയ്ക്ക് 63 പോയിന്റാണുള്ളത്. രണ്ടാമതുള്ള ബെസിക്തസിന് 62 പോയിന്റ്, മൂന്നാമതുള്ള ബസെക്ഷിറിനും അത്ര തന്നെ പോയിന്റ്. നാലാമതുള്ള ഫെനർബാഷെയ്ക്ക് 60 പോയിന്റ്. യൂറോപ്പിലെ മറ്റൊരു ലീഗിലും കാണാനാവില്ല ഇത്ര കടുത്ത പോരാട്ടം. അവസാനം നടന്ന മത്സരത്തിലും നാല് ടീമുകളും ജയിച്ചതോടെ പോരാട്ടം ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ്.
ഒന്നാമതുള്ള ഗലാറ്റസരെയും രണ്ടാമതുള്ള ബെസിക്തസും തമ്മിൽ ഇനിയൊരു മത്സരം നടക്കാനിരിക്കുന്നുണ്ട് എന്നതും ലീഗിനെ ആവേശഭരിതമാക്കുന്നു. അതി തീവ്ര ആരാധകരുള്ള ക്ലബുകളാണ് തുർക്കിയുടേത്. അതിനാൽ തന്നെ വരാനിരിക്കുന്ന ദിവസങ്ങളിലെ മത്സരങ്ങൾക്കിടെ സംഘർഷങ്ങൾക്കും സാധ്യത കൂടുതലാണ്.