SHARE

അണ്ടർ 23 ഏഷ്യാ കപ്പിന്റെ യോ​ഗ്യതാ പോരാട്ടങ്ങൾക്കുള്ള ഇന്ത്യൻ ടീമിന്റെ സാധ്യതാ പട്ടികയിൽ നാല് കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾ. ഇന്ന് ഏഐഎഫ്എഫ് പ്രഖ്യാപിച്ച 28 അം​ഗ സാധ്യതാ പട്ടികയിലാണ് കെപി രാഹുൽ, ജീക്സൻ സിങ്, റൂയിവ ഹോർമിപാം, പ്രഭ്സുഖാൻ ​ഗിൽ എന്നിവർ ഉൾപ്പെട്ടത്. ഇവർക്ക് പുറമെ ​ഗോകുലം കേരളയ്ക്കായി കളിക്കുന്ന മലയാളി താരം അലക്സ് സജിയും സാധ്യതാ പട്ടികയിലുണ്ട്.

വിങ്ങറായ രാഹുലും പ്രതിരോധതാരമായ ഹോർമിപാമും ​ഗോളി ​ഗില്ലും മധ്യനിരതാരമായ ജീക്സനും ബ്ലാസ്റ്റേഴ്സിനായി പ്രീ സീസൺ, ഡ്യൂറാൻഡ് കപ്പ് മത്സരങ്ങളിൽ കളിച്ചിരുന്നു. ജീക്സൻ പിന്നീട് സാഫ് കപ്പിനുള്ള ഇന്ത്യൻ ടീമിലും ഇടം പിടിച്ചിരുന്നു. ധീരജ് സിങ്, നരേന്ദർ ​ഗെഹ്ലോട്ട്, സുമത് രാതി, ആകാശ് മിശ്ര, ആശിഷ് റായ്, ആപൂയ റാൾട്ടെ, അമർജിത് സിങ്, കോമൾ തട്ടാൽ, സുരേഷ് സിങ്, എസ്കെ സഹിൽ,പ്രിൻസെറ്റൻ റെബെല്ലോ, അനികേത് ജാദവ്, റഹീം അലി തുടങ്ങിയ പ്രധാനികളും സാധ്യതാ ലിസ്റ്റിലുണ്ട്.

ഈ മാസം 25 മുതൽ യുഎഇയിലാണ് ഇന്ത്യയുടെ യോ​ഗ്യതാ പോരാട്ടങ്ങൾ നടക്കുന്നത്. ഒമാൻ, യുഎഇ,കിർ​ഗിസ്ഥാൻ എന്നീ ടീമുകളെയാണ് ഇന്ത്യ നേരിടുന്നത്. ഒക്ടോബർ 20-ന് ഇന്ത്യൻ സ്ക്വാഡ് ഈ പോരാട്ടങ്ങൾക്കായി യുഎഇയിലേക്ക് പറക്കും.