SHARE

ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് പിന്നിൽ എപ്പോഴും മലയാളി സാന്നിധ്യമുണ്ടകും. മികച്ച കളിക്കാരായും മികച്ച ടീമുകളായും. ഇക്കുറി ഐ.എസ്.എല്ലിലും ഐ- ലീ​ഗിലും പതിവുപോലെ മലയാളി സാന്നിധ്യമുണ്ട്. എന്നാൽ ഈ വാരാന്ത്യം മലയാളികൾക്ക് അഭിമാനിക്കാൻ ഒട്ടേറെ വക തന്നിട്ടുണ്ട് മലയാളി താരങ്ങൾ

ഈ ആഴ്ചയിൽ നടന്ന ഐ-ലീ​ഗ്, ഐ.എസ്.എൽ മത്സരങ്ങളിൽ നിന്ന് നാല് മലയാളി യുവതാരങ്ങളാണ് ​ഗോളടിച്ചത്. ഐ-ലീ​ഗിൽ ഷിലോങ് ലജോങ്ങിനെതിരെ ​ഗോളിടിച്ച് ഈസ്റ്റ് ബം​ഗാളിന്റെ ജോബി ജസ്റ്റിനാണ് മലയാളി താരങ്ങളുടെ ​ഗോളടി തുടങ്ങിയത്. ​ജോബിയുടെ ​ഗോളിന്റെ കൂടി മികവിൽ ഷിലോങ്ങിനെ എതിരില്ലാത്ത അഞ്ച് ​ഗോളിനാണ് ഈസ്റ്റ് ബം​ഗാൾ തകർത്തത്.

പിന്നാലെ ഐ.എസ്.എല്ലിൽ ചെന്നൈയനെതിരെ മിന്നുന്ന വിജയം നേടി കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരെ ആവേശത്തിലാഴ്ത്തി. ഇരട്ടിമധുരവുമായി മലയാളത്തിന്റെ പ്രിയതാരം സഹൽ അബ്ദുൾ സമദിന്റെ ​ഗോളും. ടീമിന്റെ വിജയത്തിനൊപ്പം സഹലിന്റെ ​ഗോളും കൂടിയായപ്പോൾ ആരാധകർ ആവേശക്കൊടുമുടിയിൽ

ഇന്നലെ ഐ-ലീ​ഗിൽ ഇന്ത്യൻ ആരസിനോട് കേരളത്തിന്റെ ​ഗോകുലം സമനില വഴങ്ങി. മത്സരം ​ഗോകുലത്തിന് വിജയിക്കാനായില്ലെങ്കിലും, ഇന്ത്യൻ ആരോസിനായി ​ഗോൾ നേടിയത് മലയാളി താരം കെ.പി.രാഹുൽ ആണെന്നത് മലയാളികൾക്ക് സന്തോഷം പകരുന്നു. പിന്നാലെ തന്നെ ഐ.എസ്.എല്ലിൽ ജെംഷദ്പുരിനെതിരെ പൂനെ കിടിലൻ ജയം നേടിയപ്പോൾ ടീമിനായി ഒരു ​ഗോൾ നേടി ആഷിഖ് കുരൂണിയനും കേരളത്തിന്റെ അഭിമാനമായി