SHARE
ലൊബേറയും ​ഗ്രി​ഗറിയും

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഇക്കുറി പരിശീലകർക്കും അത്ര നല്ല കാലമല്ല. സീസൺ അവസാനത്തോടടുക്കുമ്പോൾ ഇതിനകം നാല് ടീമുകളാണ് പരിശീലകരെ മാറ്റിയത്. ഇതിൽ ഒന്നാം സ്ഥാനത്തുള്ള ടീമുമുണ്ട് അവസാന സ്ഥാനത്തുള്ള ടീമുമുണ്ട്.

ഇന്നലെ ജെംഷദ്പുരിനെതിരായ മത്സരം സമനിലയിൽ കലാശിച്ചതോടെ ക്രൊയേഷ്യക്കാരനായ പരിശീലകൻ റോബർട്ട് ജാർനിയെ നോർത്ത് ഈസ്റ്റ് പുറത്താക്കി. പത്ത് ടീമുകളുള്ള ലീ​ഗിൽ ഒമ്പതാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് ഇപ്പോൾ. സീസണിൽ ഭേദപ്പെട്ട തുടക്കം കിട്ടിയെങ്കിലും പിന്നീട് താളം കണ്ടെത്താൻ പറ്റാതായതോടെ നോർത്ത് ഈസ്റ്റിൽ നിന്ന് വിജയം അകന്നു. ഇതോടെയാണിപ്പോൾ പരിശീലകൻ പുറത്തായത്.

ചെന്നൈയിന്റെ സൂപ്പർ പരിശീലകൻ ജോൺ ​ഗ്രി​ഗറിയാണ് ഇക്കുറി ആദ്യം പുറത്തായത്. സീസൺ തുടക്കത്തിൽ മോശം പ്രകടനം നടത്തിയതോടെയാണ് ചെന്നൈയിൻ മുമ്പ് കിരീടം നേടിക്കൊടുത്ത ​ഗ്രി​ഗറിയെ ഒഴിവാക്കിയത്. പകരം വന്ന ഓവൻ കോയ്ലിന്റെ കീഴിലിപ്പോൾ മികച്ച പ്രകടനമാണ് ചെന്നൈയിൻ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇക്കുറിയെത്തിയ ക്ലബായ ഹൈദരാബാദ് എഫ്.സിയാണ് പിന്നാലെ പരിശീലകൻ ഫിൽ ബ്രൗണിനെ പുറത്താക്കിയത്. ലീ​ഗ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് നിൽക്കവെയാണ് ബ്രൗണിന്റെ പണി പോയത്. പിന്നാലെ സൂപ്പർ പരിശീലകൻ ആൽബെർട്ട് റോക്കയെ ഹൈദരാബാദ് പകരമെത്തിച്ചെങ്കിലും ടീമിന് മുന്നേറ്റമുണ്ടക്കാനായിട്ടില്ല.

പരിശീലകൻ സെർജിയോ ലൊബേറയെ ​ഗോവ പുറത്താക്കിയതാണ് ഏവരേയും ഞെട്ടിച്ചത്. ലീ​ഗിൽ മിന്നുന്ന പ്രകടനവുമായി ​ഗോവ ഒന്നാം സ്ഥാനത്തുള്ളപ്പോഴാണ് സ്പാനിഷ് പരിശീലകൻ ലൊബേറയുടെ പണി പോയത്. ടീം മാനേജ്മെന്റുമായുള്ള പ്രശ്നങ്ങളാണ് ലൊബേറയ്ക്ക് പുറത്തേക്കുള്ള വഴിതെളിച്ചത്.