കഴിഞ്ഞ ദിവസം മുംബൈ സിറ്റിയോട് തോറ്റതിന് പിന്നാലെ ഇന്ത്യൻ താരങ്ങളെക്കുറിച്ച് ഈസ്റ്റ് ബംഗാൾ പരിശീലകൻ റോബി ഫൗളർ നടത്തിയ പ്രസ്താവന വൻ വിവാദമായിരുന്നു. ഇന്ത്യൻ താരങ്ങളിൽ പലർക്കും മുമ്പ് പരിശീലം കിട്ടിയതായി തോന്നുന്നില്ല എന്നായിരുന്നു ഫൗളർ പറഞ്ഞത്.
ഫൗളറിന്റെ പ്രസ്താവനയിൽ വൻ പ്രതിഷേധമുയർന്നിരുന്നു. മുൻ ഈസ്റ്റ് ബംഗാൾ താരങ്ങളടക്കമുള്ളവർ ഫൗളറിനെതിരെ രംഗത്തെത്തി. ഇതോടെ തന്റെ പ്രസ്താവനയിൽ വിശദീകരണവുമായി ഫൗളർ തന്നെ രംഗത്തെത്തി.
ആരോടെങ്കിലും ബഹുമാനക്കുറവ് കാണിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല ഞാൻ അങ്ങനെ പറഞ്ഞത്, ഞാൻ ഒരിക്കലും അത് ചെയ്യില്ല, ഞാൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്, ഈസ്റ്റ് ബംഗാളിൽ ഞങ്ങൾ വളരെ സങ്കീർണമായ കളിശൈലിയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്, അതിനായി പരിശീലനഗ്രൗണ്ടിൽ ഒട്ടേറെ മണിക്കൂറുകൾ ചെലവഴിക്കേണ്ടതുണ്ട്, ഞങ്ങൾ നടപ്പാക്കാനാഗ്രഹിക്കുന്ന ശൈലിക്ക് യോജിച്ച തരത്തിലുള്ള പരിശീലനം ഇന്ത്യൻ താരങ്ങൾക്ക് മുമ്പ് ഇവിടെ കിട്ടിയിട്ടില്ല, അതാണ് ഞാൻ ഉദ്ദേശിച്ചത്, ഫൗളർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഐ.എസ്.എല്ലിൽ ഇക്കുറിയാണ് ഈസ്റ്റ് ബംഗാൾ അരങ്ങേറുന്നത്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ അവർ ലീഗിൽ ഇപ്പോൾ അവസാന സ്ഥാനത്താണ്. നാളെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ഈസ്റ്റ് ബംഗാളിന്റെ അടുത്ത മത്സരം.