SHARE

ഐ.എസ്.എല്ലിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ സൂപ്പർ ക്ലബ് ഈസ്റ്റ് ബം​ഗാൾ പരിശീലകനെ തേടുകയാണിപ്പോൾ. വിഖ്യാത ഇം​ഗ്ലീഷ് താരം റോബി ഫൗളറിന്റെ പേരിനാണ് ഇപ്പോൾ മുൻതൂക്കം. വൈകാതെ തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

അതേസമയം തന്നെ ഫൗളർ പരിശീലകനാകുമെന്ന് ഏതാണ്ട് ഉറപ്പായതാണ് റിപ്പോർട്ടുകൾ. ഓസ്ട്രേലിയൻ താരം സ്കോട് നെവിലും സ്കോട്ലൻഡ് താരം ഡാനി ഫോക്സും ഈസ്റ്റ് ബം​ഗാളിലേക്ക് വരാൻ തയ്യാറെടുക്കുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിദേശമാധ്യമങ്ങളിൽ വന്ന ഈ റിപ്പോർട്ടുകൾ പ്രകാരം ഫൗളറാണ് ഈ താരങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്നത്.

ഇതിനുപുറമെ ഫൗളർ പരിശീലകനായെത്തുകയാണെങ്കിൽ, ആദ്യ രണ്ട് സൈനിങ്ങുകൾ ഫോക്സിന്റേയും നെവിലിന്റേയുമാകുമെന്ന് മാർക്കസ് മെർഹുലാവോയും ട്വീറ്റ് ചെയ്തു. ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫറുകളെക്കുറിച്ച് ആധികാരികമായ വിവരങ്ങൾ നൽകുന്ന മാർക്കസും ഫൗളർ പരിശീലകനാകുമെന്ന സൂചനയാണ് ഇതിലൂടെ നൽകുന്നത്.

ഇം​ഗ്ലണ്ടിൽ ജനിച്ച താരങ്ങളാണ് റൈറ്റ് ബാക്കായ നെവിലും സെന്റർ ബാക്കായ ഫോക്സും. 31-കാരനായ സ്കോട്ട് പെർത്ത് ​ഗ്ലോറി, ന്യൂകാസിൽ ജെറ്റ്സ്, ബ്രിസ്ബേൻ റോർസ് തുടങ്ങിയ ഓസ്ട്രേലിയയിലെ പ്രധാന ക്ലബുകളിലാണ് കളിച്ചത്. റോബി ഫൗളറിന്റെ കഴിൽ ​ഗ്ലോറിയിൽ നെവിൽ കളിച്ചിട്ടുണ്ട്.

കവന്ററി സിറ്റി, സതാംപ്ടൻ, ബേൺലി, നോട്ടിങ്ങാം ഫോറസ്റ്റ്, വി​ഗാൻ അത്ലറ്റിക്ക് തുടങ്ങിയ ക്ലബുകളിൽ കളിച്ച താരമാണ് ഫോക്സ്. സ്കോട്ടിഷ് സൂപ്പർ ക്ലബ് കെൽറ്റിക്കിനായും ബൂട്ടുകെട്ടിയിട്ടുണ്ട്. നെവിലിനും ഫോക്സിനും പുറമെ ഐറിഷ് താരം ആന്റണി സ്റ്റോക്സിനേയും ഫൗളർ നോട്ടമിടുന്നതായി വാർത്തകളുണ്ട്.