ഈ വര്‍ഷത്തെ ഫുട്ബോള്‍ പ്ലെയേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (എഫ് പി എ ഐ) അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ഇന്ത്യന്‍ താരമായി ബെംഗളുരു എഫ് സി മുന്നേറ്റതാരവും ഇന്ത്യന്‍ നായകനുമായ സുനില്‍ ഛേത്രിയെ തെരഞ്ഞെടുത്തു. ജെജെ, ബല്‍വന്ദ് സിംഗ്, മൈക്കല്‍ സുസായിരാജ്, ആദില്‍ ഖാന് തുടങ്ങിയവരാണ് ഇക്കാര്യത്തില്‍ ഛേത്രിയുമായി മത്സരത്തിനുണ്ടായിരുന്നത്.
ജംഷഡ്പൂര്‍ എഫ് സിയുടെ ജെറി മാവിമിംഗതംഗയാണ് മികച്ച യുവതാരം. സീസണിലെ മികച്ച പരിശീലകനായി ബെംഗളുരുവിനെ പരിശീലിപ്പിച്ച റോക്കയെയും വിദേശതാരമായി മികുവിനെയും തെരഞ്ഞെടുത്തു. കോറോ, ചെഞ്ചോ, മാഴ്സലീഞ്ഞോ, ലാന്‍സറോട്ടെ തുടങ്ങിയവരെ മറികടന്നാണ് മിക്കു അവാര്‍ഡ് നേടിയത്.
നെറോക്കാ താരം സുഭാഷ് സിംഗാണ് ഇത്തവണത്തെ ആരാധകര്‍ തെരഞ്ഞെടുത്ത മികച്ച താരം. ഈസ്റ്റ് ബംഗാളിന്റെ മലയാളി ഗോള്‍കീപ്പര്‍ ഉബൈദ് സികെയും ഈ അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. മികച്ച യൂത്ത് ഡെവലെപ്മെൻ്റ് പോളിസിക്കുള്ള പ്രത്യേക പുരസ്കാരം ഐ ലീഗ് ചാമ്പ്യൻമാരായ മിനർവ്വ പഞ്ചാബിനും ലഭിച്ചിട്ടുണ്ട്.