SHARE

ഐ.എസ്.എൽ ക്ലബ് എ.ടി.കെ മോഹൻ ബ​ഗാനെതിരെ ആഞ്ഞടിച്ച് സ്പാനിഷ് സൂപ്പർതാരം ഫ്രാൻ ​ഗോൺസാലസ്. ഒരു വർഷം കൂടി കരാർ ബാക്കിയുണ്ടായിട്ടും ക്ലബുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുന്നില്ല എന്നാണ് ഫ്രാൻ തുറന്നടിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഫ്രാൻ ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ സീസണിൽ മോഹൻ ബ​ഗാന്റെ ഐ-ലീ​ഗ് കിരീടനേട്ടത്തിൽ ഏറ്റവും വലിയ പങ്ക് വഹിച്ച താരങ്ങളിലൊരാളാണ് ഡിഫൻസീവ് മിഡ്ഫീൽഡറായ ഫ്രാൻ. എന്നാൽ സീസണൊടുവിൽ ബ​ഗാൻ-എ.ടി.കെയുമായി ലയിച്ച് ഐ.എസ്.എല്ലിലേക്ക് ചേക്കേറി. ഇതോടെ എ.ടി.കെ മോഹൻ ബ​ഗാൻ എന്ന പുതിയ ക്ലബ് രം​ഗത്തുവന്നു. എന്നാൽ ക്ലബുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇതുവരെ തന്നെ ആരും അറിയിച്ചിട്ടില്ലെന്നാണ് ഫ്രാൻ പറയുന്നത്.

-Advertisement-

ബ​ഗാനുമായി തനിക്ക് ഒരു വർഷത്തെ കൂടി കരാർ ബാക്കിയുണ്ട്, എന്നാൽ പരിശീലനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട ഇതുവരെ ഒരു വിവരവും തനിക്ക് ക്ലബിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ഫ്രാൻ ട്വീറ്റ് ചെയ്തത്. തന്റെ അഭിഭാഷകൻ നടത്തിയ അന്വേഷണങ്ങൾക്കൊന്നും ക്ലബ് മറുപടി നൽകിയിട്ടില്ലെന്നും ഫ്രാൻ പറഞ്ഞു. അതേസമയം ഫ്രാന്റെ ഈ ആരോപണത്തോട് ക്ലബ് ഇതുവരെ പ്രതികരിച്ചിട്ടല്ല

എ.ടി.കെയും ബ​ഗാനും ചേർന്നുള്ള ക്ലബ് വന്നെങ്കിലും ബ​ഗാനിലുണ്ടായിരുന്ന വിദേശതാരങ്ങൾ പുതിയ ടീമിലും തുടരുമോയെന്ന് വ്യക്തമായിരുന്നില്ല. ഫ്രാൻ അടക്കമുള്ള ബ​ഗാൻ വിദേശതാരങ്ങളെ ഉൾപ്പെടുത്തുന്നതിൽ പരിശീലകൻ അന്റോണിയോ ലോപ്പസ് ഹബാസിനും താൽപര്യമില്ലായിരുന്നു. പഴയ എ.ടി.കെയിലെ ചില താരങ്ങളെ നിലനിർത്തുകയാണ് ഹബാസ് ചെയ്തത്. ഒപ്പം ചില പുതിയ താരങ്ങളേയും കൊണ്ടുവന്നു.

എ.ടി.കെ മോഹൻബ​ഗാനിൽ സ്ഥാമുണ്ടാവില്ലെന്ന് ഉറപ്പായതോടെ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് പരിശീലകൻ കിബു വിക്കുനയ്ക്കൊപ്പം ഫ്രാനും വരുമെന്നായിരുന്നു ആദ്യ സൂചന. എന്നാൽ അത് നടന്നില്ല. ഇപ്പോൾ കൊൽക്കത്ത ക്ലബിനെതിര ഫ്രാൻ തന്നെ രം​ഗത്തെത്തിയതോടെ വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കും