SHARE

ഐ ലീ​ഗ് 2019-20 സീസണിൽ മോഹൻ ബ​ഗാനെ കിരീടത്തിലേക്ക് നയിച്ചതോടെ ഫാൻ ഫേവറിറ്റായി മാറിയ താരമാണ് ഫ്രാൻ ​ഗോൺസാലസ്. സ്പാനിഷ് ഡിഫൻസീവ് മിഡ്ഫീൽഡറായ ഫ്രാൻ സെന്റർ ബാക്കായും കളിക്കും. ലീ​ഗ് കിരീടത്തിന് പിന്നാലെ ബ​ഗാൻ എടികെയുമായി ലയിച്ചതോടെ ഫ്രാനടക്കമുള്ള താരങ്ങൾ ക്ലബിന് പുറത്തായി.

ബ​ഗാൻ വിടേണ്ടിവന്ന ഫ്രാൻ കഴിഞ്ഞ ഐഎസ്എല്ലിൽ ബെം​ഗളുരു എഫ്സിയുടെ ഭാ​ഗമായിരുന്നു. ഇക്കുറി ബെം​ഗളുരു റിലീസ് ചെയ്ത ഫ്രാൻ ഐ-ലീ​ഗിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സൂപ്പർ ക്ലബ് റയൽ കശ്മീരിന്റെ ഭാ​ഗമായാണ് ഫ്രാന്റെ തിരിച്ചുവരവ്. ഐ-ലീ​ഗിൽ നിന്ന് തന്നെ മറ്റ് ചില ഓഫറുകളുണ്ടായിട്ടും റയൽ കശ്മീർ തന്നെ തിരഞ്ഞെടുക്കാൻ ഫ്രാന് പ്രത്യേകം കാരണമുണ്ട്. സ്പോർട്സ്കീഡയ്ക്ക് നൽകിയ അഭിമുഖത്തിൽ ഫ്രാൻ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞു.

ഇക്കുറി ഐ-ലീ​ഗിലേക്ക് തിരിച്ചെത്താൻ എനിക്ക് ഒരുപിടി ഓഫറുകൾ വന്നിരുന്നു, എന്നാൽ ഇതിൽ നിന്ന് ഞാൻ റയൽ കശ്മീർ തിരഞ്ഞെടുക്കാൻ കാരണം അവരുടെ പരിശീലകൻ ഡേവിഡ് റോബർട്ട്സനാണ്, എന്നെ ടീമിന് ആവശ്യമുണ്ടെന്ന് ആദ്യം മുതൽ തന്നെ ബോധ്യപ്പെടുത്തുകയായിരുന്നു അദ്ദേഹം, ജീവിതത്തിലായാലും ഫുട്ബോളിലായാലും ആളുകൾക്ക് നമ്മളെ ഇഷ്ടമുള്ള ഇടത്ത് ആയിരിക്കുക എന്നതാണ് പ്രധാനം, ഫ്രാൻ പറഞ്ഞു.