SHARE

യൂറോ കപ്പ് യോ​ഗ്യതാ മത്സരങ്ങൾക്കുള്ള ഫ്രാൻസ് ടീമിനെ പരിശീലകൻ ദിദിയർ ദെഷാം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം അവസാന ഘട്ടത്തിൽ നടന്ന മത്സരങ്ങൾ നഷ്ടമായ പല സൂപ്പർ താരങ്ങളും ദേശീയ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മാർച്ച് 22-ന് മോൾഡോവയുമായും 25-ന് ഐസ്‌ലൻഡുമായാണ് ഫ്രാൻസിന്റെ മത്സരങ്ങൾ

പരിക്കിനെത്തുടർന്ന് കഴിഞ്ഞ വർഷം നടന്ന മത്സരങ്ങൾ നഷ്ടമായ പ്രതിരോധതാരം സാമുവൽ ഉംറ്റിറ്റി, വിങ്ങർ കിങ്സ്ലി കോമാൻ, മധ്യനിര താരം പോൾ പോ​ഗ്ബ, ആന്റണി മാർഷ്യൽ തുടങ്ങിയവരാണ് ടീമിലേക്ക് തിരിച്ചെത്തിയത്. ഇതിൽ മാർഷ്യലിനും പോ​ഗ്ബയും നെതർലൻഡിനെതിരായ യുവേഫ നേഷൻസ് ലീ​ഗ് പോരാട്ടമാണ് നഷ്ടമായത്. എന്നാൽ ഉംറ്റിറ്റിക്ക് ലോകകപ്പിന് ശേഷം നടന്ന പല മത്സരങ്ങളിലും കളിക്കാനായിരുന്നില്ല. നിരന്തരം പരിക്ക് വലയ്ക്കുന്ന കോമാനാകട്ടെ 2017 നവംബറിന് ശേഷമാദ്യമായാണ് ദേശീയ ടീമിലെത്തുന്നത്.

ഒളിവർ ജിറൂഡ്, അന്റോയിൻ ​ഗ്രീസ്മെൻ, കെയ്ലിൻ എംബാപെ, എൻ​ഗോളോ കാന്റെ, റാഫേൽ വരാൻ, ബെഞ്ചമിൻ പാവാർഡ്,നബീൽ ഫെക്കീർ തുടങ്ങിയ സൂപ്പർ താരങ്ങളൊക്കെ ടീമിലുണ്ട്. അതേസമയം തന്നെ പരിക്കേറ്റ ഓസ്മൻ ഡെംബേലെ, പ്രതിരോധതാരങ്ങളായ ബെഞ്ചമിൻ മെൻഡി ലൂക്കാസ് ഹെർണാണ്ടസ് തുടങ്ങിയവർ ടീമിന് പുറത്തായി