ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പലപ്പോഴും രക്ഷകനാകുന്ന ആന്റണി മാർഷ്യലിനെ ഫ്രാൻസ് ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ചു. 22-കാരനായ മാർഷ്യലിന് ഫ്രാൻസ് കിരീടം ചൂടിയ റഷ്യൻ ലോകകപ്പിനുള്ള ടീമിൽ ഇടം ലഭിച്ചിരുന്നില്ല. പിന്നാലെ നടന്ന അന്താരാഷ്ട്ര മത്സരങ്ങളിലും മാർഷ്യലിന് അവസരം ലഭിച്ചിരുന്നില്ല
ഈ മാസം നെതർലൻഡിനും യുറുഗ്വേയ്ക്കുമെതിരെ നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് ദിദിയർ ദെഷാം മാർഷ്യലിനെ പരിഗണിച്ചത്. മികച്ച യുവതാരമെന്ന വിശേഷണം ലഭിച്ചിട്ടും, പരിശീലകൻ ഹോസെ മൊറീന്യോയുമായുള്ള പ്രശ്നങ്ങളുടെ പേരിൽ മാർഷ്യൽ യുണൈറ്റഡ് വിടാനൊരുങ്ങുകയാണെന്ന വാർത്തകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ടീമിലെ നിർണായകസ്ഥാനത്തേക്ക് മൗറീന്യോ മാർഷ്യലിനെ നിയോഗിച്ചു.
മൗറീന്യോയുടെ ഈ തീരുമാനം ഗുണം ചെയ്തു. പ്രീമിയർ ലീഗിൽ ഇക്കഴിഞ്ഞ മത്സരങ്ങളിൽ മാർഷ്യലിന്റെ പ്രകടനങ്ങളാണ് യുണൈറ്റഡിനെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. ഇത് ദെഷാമിന്റെ കണ്ണിൽ പെട്ടതോടെയാണ് ദേശീയ ടീമിലേക്ക് വീണ്ടും വിളിയെത്തിയത്. 2015-ൽ ദേശീയ ടീമിൽ അരങ്ങേറിയ മാർഷ്യൽ ഇതുവരെ 18 മത്സരങ്ങൾ കളിച്ചു. എന്നാൽ 2017 മുതൽ ഇതുവരെ മൂന്ന് മത്സരങ്ങൾ മാത്രമാണ് മാർഷ്യലിന് ലഭിച്ചത്.