ലോകകപ്പ് ഗ്രൂപ്പ് സിയില്‍ പെറുവിനെ പരാജയപ്പെടുത്തി ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറിലേക്ക്. യുവതാരം കെയ്ലന് എംബാപ്പെ നേടിയ ഗോളിനാണ് ഫ്രഞ്ച് പട ലാറ്റിനമേരിക്കക്കാരെ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരവും തോറ്റതോടെ പെറു ലോകകപ്പില്‍ നിന്ന് പുറത്തായി.
മുന്നേറ്റത്തില്‍ ഡെംബലെക്ക് പകരം ഒളിവര്‍ ജിറൂഡിനെ നിയോഗിച്ചിട്ടാണ് ഇന്ന് ഫ്രാന്‍സ് കളിക്കാനിറങ്ങിയത്. 34ാം മിനുട്ടില്‍ ജിറൂഡിന്റെ കൂടി പരിശ്രമത്തിലാണ് മത്സരത്തിലെ ഗോള്‍ പിറന്നത്. ബോക്സിനകത്ത് നിന്ന് ജിറൂഡ് പെറു പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടിത്തെറിച്ചു. അവസരം കാത്ത് പാഞ്ഞെത്തിയ എംബാപ്പെ ഗോള്‍ കീപ്പറില്ലാത്ത പോസ്റ്റിലേക്ക് പന്ത് തട്ടിയിട്ടു.
രണ്ടാം പകുതിയില്‍ കൂടുതല്‍ ഗോളുകളൊന്നും നേടാന്‍ ഫ്രാന്‍സിന് കഴിഞ്ഞില്ല. മത്സരം വിജയിച്ച അവര്‍ 6 പോയന്റോടെ ഗ്രൂപ്പില്‍ ഒന്നാമതെത്തുകയും ചെയ്തു. ഗ്രൂപ്പ് സിയില്‍ 4 പോയന്റോടെ ഡെന്മാര്ക്ക് രണ്ടാം സ്ഥാനത്തും 1 പോയന്റ് നേടിയ ഓസ്ട്രേലിയ മൂന്നാമതുമാണ്.