SHARE

ഐപിഎൽ ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ടൂർണമെന്റിൽ നിന്ന് പിന്മാറിയ ഇംഗ്ലീഷ് താരങ്ങളുടെ നീക്കത്തിൽ ഫ്രാഞ്ചൈസികൾ കട്ടക്കലിപ്പിലെന്ന് റിപ്പോർട്ട്. ഇന്നലെ ജോണി ബെയർസ്റ്റോ (സൺ റൈസേഴ്സ് ഹൈദരാബാദ്), ക്രിസ് വോക്സ് (ഡെൽഹി ക്യാപിറ്റൽസ്), ഡേവിഡ് മലൻ (പഞ്ചാബ് കിംഗ്സ്) എന്നിവർ ഐപിഎല്ലിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചതാണ് ഫ്രാഞ്ചൈസികളെ രോഷം കൊള്ളിച്ചത്. കളികാരുടെ അവസാന നിമിഷ പിന്മാറ്റം തങ്ങളെ വളരെ മോശമായി ബാധിച്ചതായി ചൂണ്ടിക്കാട്ടി ഒരു ഫ്രാഞ്ചൈസി ബിസിസിഐയ്ക്ക് കത്തയച്ചു കഴിഞ്ഞെന്നാണ് സൂചനകൾ.

“വ്യാഴാഴ്ച വൈകുന്നേരം ഞങ്ങൾക്ക് കരാറുള്ള ഇംഗ്ലണ്ട് താരവുമായി ഞാൻ സംസാരിച്ചു. സെപ്റ്റംബർ 15 ന് യു എ ഇയിലേക്കെത്തുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഒപ്പം തന്നോടൊപ്പമുണ്ടാകുമെന്ന് പറഞ്ഞ പങ്കാളിക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്യാനും അദ്ദേഹം അഭ്യർത്ഥിച്ചു. ഞങ്ങൾ അതിനും സമ്മതിച്ചു. ശനിയാഴ്ച അവൻ ഐപിഎല്ലിനായി വരുന്നില്ലെന്ന് ഞങ്ങളെ അറിയിച്ചു. പരിശീലകർ, മാനേജ്മെന്റ് എല്ലാവരും ഇതിൽ അസ്വസ്ഥരാണ്. ഇത് തീർത്തും പ്രൊഫഷണലിസമില്ലാത്ത പ്രവൃത്തിയാണ്. ഞങ്ങൾ ഇക്കാര്യം പറഞ്ഞു കൊണ്ട് ബിസിസിഐയ്ക്ക് കത്തയച്ചിട്ടുണ്ട്.” ഇംഗ്ലണ്ട് താരങ്ങളുടെ പിന്മാറ്റം മൂലം തിരിച്ചടി ലഭിച്ച ഫ്രാഞ്ചൈസി ഒഫീഷ്യൽമാരിലൊരാൾ കഴിഞ്ഞ ദിവസം ഇൻസൈഡ് സ്പോർടിനോട് സംസാരിക്കവെ വ്യക്തമാക്കി.

അതേ സമയം ഐപിഎല്ലിൽ നിന്നുള്ള ഇംഗ്ലണ്ട് താരങ്ങളുടെ അപ്രതീക്ഷിത പിന്മാറ്റത്തിന്റെ കൃത്യമായ കാരണം ഇതു വരെ പുറത്ത് വന്നിട്ടില്ലെങ്കിലും ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇതിന് ബന്ധമുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉയർന്നിട്ടുണ്ട്‌. എന്ത് തന്നെയായാലും ഈ താരങ്ങൾ കളിച്ചു കൊണ്ടിരിക്കുന്ന ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് കനത്ത ആഘാതം നൽകുന്ന കാര്യമാണിത് എന്നതിൽ യാതൊരു സംശയവുമില്ല.