SHARE

നെതർലൻഡ്സ് ദേശീയ ടീമിന്റ പരിശീലകസ്ഥാനത്തേക്ക് മറ്റൊരു ഇതിഹാസതാരമായ ഫ്രാങ്ക് ഡി ബോർ എത്തിയേക്കും. നെതർലൻഡ്സിനായി 112 മത്സരങ്ങൾ കളിച്ച ഫ്രാങ്കിന്റെ പേരിനാണ് പരിശീലകസ്ഥാനത്തേക്ക് മുൻതൂക്കമെന്നാണ് ഡച്ച് മാധ്യമങ്ങളുടെ റിപ്പോർട്ട്. ഏറ്റവുമൊടുവിൽ അമേരിക്കൻ ക്ലബ് അറ്റ്ലാന്റ യുണൈറ്റഡിന്റ പരിശീലകനായിരുന്നു ഫ്രാങ്ക്.

റൊണാൾഡ് കോമാൻ ബാഴ്സലോണയുടെ ചുമതലയേറ്റതോടെയാണ് ഡച്ച് ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞുകിടക്കുന്നത്. മറ്റൊരു ഇതിഹാസതാരം ഫ്രാങ്ക് റൈക്കാർഡ്, ബയേർ ലെർക്യൂസൻ പരിശീലകൻ പീറ്റർ ബോസ് എന്നിവരെയാണ് ആദ്യം ഡച്ച് ഫുട്ബോൾ അധികൃതർ സമീപിച്ചത്. പിന്നീട് മുൻ പരിശീലകൻ ലൂയി വാൻ ​ഗാലിനേയും പരി​ഗണിച്ചിരുന്നു. എന്നാൽ ഈ ആശയം ടീമിലെ താരങ്ങൾ തന്നെ തള്ളിക്കളഞ്ഞതായാണ് റിപ്പോർട്ടുകൾ. പിന്നീടാണിപ്പോൾ അന്വേഷണം ഫ്രാങ്കിലെത്തിയിരിക്കുന്നത്.

ഡച്ച് ക്ലബ് അയാക്സിനൊപ്പം മികച്ച റെക്കോർഡുണ്ട് ഫ്രാങ്കിന്. 2011 മുതൽ തുടർച്ചയായി നാല് തവണ അയാക്സിനെ ലീ​ഗ് ജേതാക്കളാക്കിയിട്ടുണ്ട് ഫ്രങ്ക്. അതേസമയം നെതർലൻഡ്സിന് പുറത്ത് ഇറ്റാലിയൻ ടീം ഇന്റർ മിലാൻ, ഇം​ഗ്ലീഷ് ടീം ക്രിസ്റ്റൽ പാലസ് എന്നിവരേയും ഫ്രാങ്ക് പരിശീലിപ്പിച്ചിട്ടുണ്ടെങ്കിലും റെക്കോർഡ് വളരെ മോശമായിരുന്നു.