SHARE

സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയുടെ ബ്രസീലിയൻ താരം ഫിലിപ്പ് കുട്ടീന്യോയുടെ ഭാവിയെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നു. 2018-ൽ ബാഴ്സയിലെത്തിയെങ്കിലും ഇതുവരെ മികച്ച പ്രകടനം കണ്ടെത്താൻ കഴിയാത്ത കുട്ടീന്യോ ക്ലബിൽ തുടരാനുള്ള സാധ്യത വളരെ കുറവാണ്. റിപ്പോർട്ടുകൾ പ്രകാരം ഇക്കുറി ബാഴ്സ വിറ്റൊഴിവാക്കാൻ ആ​ഗ്രഹിക്കുന്നരിൽ പ്രധാനിയാണ് കുട്ടീന്യോ.

വൻതുകമുടക്കിയെത്തിച്ചെങ്കിലും അതിനൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ ഇടയ്ക്ക് ബാഴ്സ കുട്ടീന്യോയെ ബയേൺ മ്യൂണിച്ചിലേക്ക് ലോണിലയച്ചു. പിന്നീട് വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ പരുക്കേറ്റതോടെ കഴിഞ്ഞ സീസണിലെ ഭൂരിഭാ​ഗം മത്സരങ്ങളും കുട്ടീന്യോയ്ക്ക് നഷ്ടമായി.

ബാഴ്സയുമായി കരാർ ശേഷിക്കുന്നുണ്ടെങ്കിലും കുട്ടീന്യോയുടെ താരമൂല്യം കുത്തനെ ഇടഞ്ഞിട്ടുണ്ട്. എങ്കിലും വലിയ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളാണ് കുട്ടീന്യോ. നേരത്തെ ആഴ്സനൽ, എവർട്ടൻ എന്നീ ഇം​ഗ്ലീഷ് ക്ലബുകൾ കുട്ടീന്യോയെ ഒപ്പം കൂട്ടാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ആഴ്സനൽ പിന്നീട് മറ്റ് താരങ്ങളുടെ പിന്നാലെ പോകുകയായിരുന്നു. എവർട്ടനിലാകട്ടെ കുട്ടീന്യോയിൽ താൽപര്യം കാട്ടിയ പരിശീലകൻ കാർലോ ആഞ്ചലോട്ടി ക്ലബ് വിടുകയും ചെയ്തു. ഈ സാഹചര്യത്തിൽ കുട്ടീന്യോയുടെ പ്രീമിയർ ലീ​ഗിലേക്കുള്ള മടക്കത്തിന് സാധ്യത കുറഞ്ഞു.

ഇതിനിടെ ഫ്രഞ്ച് ക്ലബ് മാഴ്സെ കുട്ടീന്യോയെ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നതായി മുണ്ടോ ഡീപോർട്ടീവോ റിപ്പോർട്ട് ചെയ്തു. അർജന്റൈൻ സ്റ്റാർ പരിശീലകൻ ജോർജെ സാംപോളിയാണിപ്പോൾ മാഴ്സെയു‌ടെ കോട്ട്. കുട്ടീന്യോയെ ടീമിലെത്തിക്കുന്നതോടെ ഫ്രഞ്ച് ലീ​ഗിൽ മാഴ്സെയുടെ തകർപ്പൻ തിരിച്ചുവരവാണ് സാംപോളി ലക്ഷ്യം വയ്ക്കുന്നത്. അതേസമയം ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ ധാരണയിലെത്തിയാലും കൂട്ടീന്യോയുടെ വൻ പ്രതിഫലം മാഴ്സെയ്ക്ക് മുന്നിൽ കടമ്പയാണ്.