SHARE

കഴിഞ്ഞ ദിവസം ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ തുക മുടക്കിയാണ് നാപ്പോളി നൈജീരിയൻ മുന്നേറ്റതാരം വിക്ടർ ഒസിമെനെ ടീമിലെത്തിച്ചത്. ഫ്രഞ്ച് ക്ലബ് ലിലെയിൽ നിന്നാണ് നാപ്പോളി ഒഷിമെനെ റാഞ്ചിയത്. ഒസിമെന്റെ ട്രാൻസ്ഫർ കൂടി പൂർത്തിയായതോടെ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളെ വളർത്തിയെടുക്കുന്ന ക്ലബുകളിലൊന്നെന്ന പേരും ലിലെയ്ക്ക് കൈവന്നു.

ഫ്രഞ്ച് ലീ​ഗിൽ ആകെ മൂന്ന് തവണ മാത്രമാണ് ലിലെ കിരീടം ചൂടിയിട്ടുള്ളത്. ചാമ്പ്യൻസ് ലീ​ഗിൽ വല്ലപ്പോഴുമെ യോ​ഗ്യത നേടാറുള്ളു. ഇക്കുറി യോ​ഗ്യത നേടിയെന്നത് ശ്രദ്ധേയമാണ്. എന്നാൽ ഈ ക്ലബിൽ കളിച്ച താരങ്ങളുടെ പട്ടികയെടുത്താൽ പല വൻ പേരുകളും അതിലുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനി ഈഡൻ ഹസാർഡാണ്.

-Advertisement-

2005-ൽ ലിലെയുടെ അക്കാദമയിലൂടെയാണ് ഹസാർഡിന്റെ കരിയർ തുടങ്ങുന്നത്. 2007-ൽ സീനിയർ ടീമിലുമെത്തി. 2010-11 ക്ലബിനെ ലീ​ഗ് ജേതാക്കളാക്കിയതിൽ നിർണായകപങ്ക് വഹിച്ചത് ഹസാർഡായിരുന്നു. ഈ പ്രകടനത്തോടെയാണ് തൊട്ടടുത്ത വർഷം ചെൽസി ഹസാർഡിനെ റാഞ്ചിയത്. അതും ഏതാണ്ട് 35 ദശലക്ഷം യൂറോ എന്ന അന്നത്തെ വൻതുകയ്ക്ക്.

ഐവറി കോസ്റ്റ് താരം നിക്കോളാസ് പെപ്പെയാണ് മറ്റൊരു പ്രധാനി. കഴിഞ്ഞ സീസണിൽ 80 ദശലക്ഷം യൂറോ ലിലെയ്ക്ക് നൽകിയാണ് ആഴ്സനൽ പെപ്പെയെ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. ഇപ്പോൾ ബയേൺ മ്യൂണിച്ചിന്റെ മിന്നും താരമായ ബെഞ്ചമിൻ പാവാർഡും ലിലെയിൽ നിന്ന് പയറ്റിത്തെളിഞ്ഞ താരമാണ്. ലിലെയുടെ അക്കാദമയിൽ നിന്ന് വന്ന പാവാർഡിനെ ജർമൻ ക്ലബ് സ്റ്റുട്ട്​ഗർട്ട് റാഞ്ചുകയായിരുന്നു.

ഇപ്പോൾ എ.സി.മിലാന് വേണ്ടി മിന്നുന്ന പ്രകടനം നടത്തുന്ന മുന്നേറ്റതാരം റാഫേൽ ലിയോ, ഒളിംപിക് ലിയോണിനായി കളിക്കുന്ന തിയോ​ഗോ മെൻഡെസ്, പി.എസ്.ജിക്കായി കളിക്കുന്ന ഇദ്രിസ ​ഗുയെ, എവർട്ടനിൽ കളിക്കുന്ന ലൂക്കാസ് ഡി​ഗ്നെ തുടങ്ങിയവരും ഏതാണ്ട് ഒരേ കാലത്ത് ലിലെയ്ക്കായി പന്ത് തട്ടിയവരാണ്.