SHARE

ഫ്രഞ്ച് ക്ലബ് നൈസിന്റെ പരിശീലകസ്ഥാനത്ത് നിന്ന് ഇതിഹാസതാരം പാട്രിക്ക് വിയേര പുറത്ത്. ക്ലബായ നൈസ് യൂറോപ്പാ ലീ​ഗിന്റെ ​ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിന് പിന്നാലെയാണ് വിയേരയുടെ പണി പോയത്. ക്ലബ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചു.

രണ്ട് വർഷം മുമ്പാണ് വിയേര നൈസിന്റെ പരിശീലകവേഷമണിയുന്നത്. ആദ്യ സീസണിൽ ടീമിനെ ഏഴാം സ്ഥാനത്തും കഴിഞ്ഞ സീസണിൽ ആറാം സ്ഥാവത്തുമെത്തിക്കാൻ വിയേരയ്ക്കായി. എന്നാൽ ഇക്കുറി ടീമിന്റെ പ്രകടനം വിയേരയക്ക് കീഴിൽ ദയനീയമായി. യൂറോപ്പാ ലീ​ഗിൽ നിന്ന് പുറത്തായതിന് പുറമെ അവസാനം നടന്ന അഞ്ച് മത്സരങ്ങളിലും ടീം തോൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിയേരയെ മാറ്റാനുള്ള തീരുമാനം. അഡ്രിയാൻ ഉർസിയക്കാണ് താൽക്കാലിക ചുമതല.

ഫ്രഞ്ച് ദേശീയ ടീമിനായി 107 മത്സരങ്ങൾ കളിച്ച താരമാണ് വിയേര. യുവന്റസ്, ആഴ്സനൽ, ഇന്റർ മിലാൻ, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ക്ലബുകളിൽ വിയേര കളിച്ചിട്ടുണ്ട്. 2003-04 സീസണിൽ ആഴ്സനൽ പ്രീമിയർ ലീ​ഗ് കിരീടം നേടുമ്പോൾ ക്യാപ്റ്റനും വിയേരയായിരുന്നു.