SHARE

അത്ലെറ്റിക്കോ മഡ്രിഡുമായി മത്സരത്തിനിടെ ​പരിക്കേറ്റ ആഴ്സനലിന്റെ ഫ്രഞ്ച് പ്രതിരോധനിരതാരം ലോറന്റ് കൊസെയിൽനിക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് റിപ്പോർട്ടുകൾ. വലതുകാലിന്റ മാംസപേശിയെ,അസ്ഥിയുമായി ബന്ധപ്പിക്കുന്ന തീരെ നേർത്ത ഞെരമ്പിനേറ്റ പരിക്കാണ് കൊസെയിൽനിയെ വലച്ചത്.

മത്സരം തുടങ്ങി 10 മിനിറ്റിനുള്ളിൽ തന്നെ പരിക്കേറ്റ വീണ, കൊസെയിൽനി മുടന്തിയാണ് കളിക്കളം വിട്ടത്. ആറ് മാസത്തോളം താരം പുറത്തിരിക്കേണ്ടിവരുമെന്നാണ് ആദ്യം ലഭിക്കുന്ന റിപ്പോർട്ടുകൾ. പരിക്കിനെത്തുടർന്ന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ അത്ര നല്ല സൂചനകളല്ല നൽകുന്നതെന്ന് ആഴ്സനൽ പരിശീലകൻ അഴ്സൻ വം​ഗറും പറഞ്ഞു.

32-കാരനായ കൊസെയിൽനി 2011-ലാണ് ഫ്രഞ്ച് ടീമിനായി അരങ്ങേറ്റം കുറിച്ചത്. പിന്നീടിതുവരെ 51 തവണ ദേശീയ ടീമിന്റെ കുപ്പായണിഞ്ഞിട്ടുണ്ട്. ലോകകപ്പിന് തയ്യാറെടുക്കുന്ന ഫ്രഞ്ച് ടീമിൽ വളരെയേറെ അനുഭവസമ്പത്തുള്ള താരമാണ് കൊസെയിൽനി. ലോകകപ്പിൽ ഓസ്ട്രേലിയ, ഡെന്മാർക്ക്, പെറു എന്നിവരടങ്ങുന്ന ​ഗ്രൂപ്പ് സിയിലാണ് ഫ്രാൻസ് കളിക്കുന്നത്. ജൂൺ 16-ന് ഓസ്ട്രേലിയയുമായാണ് ഫ്രാൻസിന്റെ ആദ്യ മത്സരം.