SHARE

പതിവിന് വിപരീതമായി ഫ്രാൻസിൽ ഇക്കുറി കിരീടപ്പോരാട്ടം അവസാന ദിവസത്തേക്ക് നീണ്ടു. സ്ഥിരം ജേതാക്കളായ പി.എസ്.ജി, നിലവിൽ ഒന്നാമതുള്ള ലിലെ, മൊണാക്കോ എന്നീ മൂന്ന് ‌‌ടീമുകളിൽ ആർക്ക് വേണമെങ്കിലും ലീ​ഗ് ജേതാക്കളാക്കാം. അതറിയാൻ ഞായറാഴ്ച വരെ കാത്തിരിക്കണമെന്ന് മാത്രം.

ലിലെയാണ് നിലവിൽ ഒന്നാം സ്ഥാനത്തുള്ളത്. 37 മത്സരങ്ങളിൽ നിന്ന് 80 പോയിന്റാണവർക്കുള്ളത്. രണ്ടാമതുള്ള പി.എസ്,ജിക്ക് അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 79 പോയിന്റാണുള്ളത്. അവസാനദിനം 16-ാം സ്ഥാനത്തുള്ള ബ്രെസ്റ്റിനെയാണ് പി.എസ്.ജി നേരിടുന്നത്. ലിലെയാകട്ടെ 12-ാം സ്ഥാനത്തുള്ള ആം​ഗേഴ്സിനേയും. ലിലെയ്ക്ക് ഈ മത്സരം ജയിച്ചാൽ കിരീടമുയർത്താം. എന്നാൽ ലിലെ തോൽക്കുകയോ സമനിലയാകുകയോ ചെയ്താൽ ബ്രെസ്റ്റിനെ തോൽപ്പിച്ച് പി.എസ്.ജിക്ക് കിരീടമുയർത്താം. ലിലെ തോൽക്കുകയാണെങ്കിൽ, ബ്രെസ്റ്റിനെതിരെ സമനില നേടിയാൽ മതി പി.എസ്.ജിക്ക് കിരീടമുയർത്താൻ.

37 മത്സരങ്ങളിൽ നിന്ന് 77 പോയിന്റാണ് മൊണാക്കോയ്ക്കുള്ളത്. പി.എസ്.ജിയും ലിലെയും തോൽക്കുകയും ഞായറാഴ്ചത്തെ മത്സരത്തിൽ ലെൻസിനെ വലിയ മാർജിനിൽ തോൽപ്പിക്കുകയും ചെയ്താൽ മൊണാക്കോയ്ക്ക് ഒരുപക്ഷെ ​ഗോൾവ്യത്യാസത്തിൽ കിരീടം നേടാനായേക്കും.