SHARE

ഇം​ഗ്ലീഷ് ക്ലബ് ചെൽസിയുടെ സൂപ്പർ താരം ഒളിവർ ജിറൂഡ് ക്ലബ് വിടാൻ ഒരുങ്ങുന്നു. ചെൽസി ടീമിൽ തീരെ അവസരങ്ങൾ ഇല്ലാതായതോടെയാണ് ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് തന്നെ വിട്ടുപോകാൻ താരം ആലോചിക്കുന്നത്.

ഇം​ഗ്ലീഷ് ക്ലബ് തന്നെയായ ആഴ്സനലിൽ നിന്ന് കഴിഞ്ഞ വർഷം ജനുവരിയിലാണ് ജിറൂഡ് ചെൽസിയിലെത്തിയത്. കഴിഞ്ഞ സീസണുകളിൽ ഒക്കെ കളിക്കാൻ അവസരം ലഭിച്ചിരുന്ന താരത്തിന് എന്നാൽ ഇക്കുറി ഫ്രാങ്ക് ലാംപാർഡ് പരിശീലകനായെത്തിയതോടെ പകരക്കാരുടെ ബെഞ്ചിലായി സ്ഥാനം. ഈ സീസണിൽ ആകെ ഏഴ് തവണ മാത്രമാണ് എല്ലാ മത്സരങ്ങളിലുമായി ജിറൂഡ് കളിച്ചത്.

കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീ​ഗ് മത്സരത്തിൽ ജിറൂഡിനെ ആദ്യ ഇലവനിൽ ഇറക്കിയെങ്കിലും നിരാശപ്പെടുത്തിയിരുന്നു. ഇതോടെ ഇനി ചെൽസിയിൽ അവസരം കാര്യമായി ലഭിക്കാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ജനുവരിയിൽ ക്ലബ് വിടാനുള്ള ആലോചന ജിറൂഡ് ശക്തമാക്കിയിരിക്കുകയാണ്.

ഇറ്റാലിയൻ ക്ലബുകളായ എ.സി.മിലാനും ഇന്റർ മിലാനുമാണ് ജിറൂഡിനായി രം​ഗത്തുള്ളത്. ഇതിൽ തന്നെ എ.സി.മിലാനിലേക്ക് ചേക്കേറാനാണ് ജിറൂഡിന് താൽപര്യമെന്നും സൂചനയുണ്ട്. മികച്ച മുന്നേറ്റതാരങ്ങളില്ലാതെ തപ്പിത്തടയുകയാണ് മിലാനും.