SHARE

അവസാന അഞ്ചു മിനിറ്റ് വരെ രണ്ടുഗോളുകള്‍ക്ക് പിന്നിട്ട് നിന്നശേഷം ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് ഐസ്‌ലന്‍ഡിനെതിരേ സമനില കൊണ്ട് തടിതപ്പി. രാജ്യാന്തര സൗഹൃദത്തിലെ ഏറ്റവും നാടകീയത നിറഞ്ഞ മത്സരത്തില്‍ 2-2നാണ് ഫ്രഞ്ചുപട തടികേടാക്കാതെ രക്ഷപ്പെട്ടത്. ആദ്യ പകുതിയില്‍ 1-0ത്തിനും അന്‍പത്തിയെട്ടാം മിനിറ്റില്‍ രണ്ടാംഗോളിനു പിന്നിലായിരുന്നു ഫ്രാന്‍സ്.

കളി ഐസ്‌ലന്‍ഡ് ജയിച്ചേക്കുമെന്ന അവസ്ഥയിലാണ് എയ്‌ജോല്‍ഫ്‌സണ്‍ (86) ഫ്രാന്‍സിന് പുതുജീവന്‍ സമ്മാനിച്ച് സെല്‍ഫ് ഗോള്‍ സമ്മാനിക്കുന്നത്. ഒരുഗോളിന്റെ കടംവീട്ടിയ ഫ്രാന്‍സിനായി നിശ്ചിതസമയത്തെ അവസാന മിനിറ്റില്‍ സൂപ്പര്‍ താരം കെയ്‌ലിയന്‍ എംബാപ്പെ പെനാല്‍റ്റിയിലൂടെ സമനിലയും നേടി. ആദ്യാവസാനം ഫ്രാന്‍സിനെ വെള്ളംകുടിപ്പിക്കുന്ന പ്രകടനമാണ് കുഞ്ഞന്‍ രാജ്യമായ ഐസ്‌ലന്‍ഡ് നടത്തിയത്.