SHARE

പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ച് കഴിഞ്ഞു. ഇനിയുള്ള രണ്ട് മാസക്കാലത്തോളം ഇന്ത്യയിൽ ക്രിക്കറ്റ് പൂരമാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് പോലും ഐപിഎൽ കാണാൻ ക്രിക്കറ്റ് പ്രേമികൾ ഇങ്ങോട്ടേക്ക് ഒഴുകിയെത്തുന്നു. എല്ലാ ഐപിഎൽ ടീമുകൾക്കും വലിയ ആരാധകക്കൂട്ടമാണുള്ളത്. തങ്ങളുടെ ടീമിനൊപ്പം സഞ്ചരിച്ച് എല്ലാ മത്സരങ്ങളിലും അവർക്ക് പിന്തുണയുമായി ഗ്യാലറിയിൽ സാന്നിധ്യമറിയിക്കുന്ന ട്രാവലിംഗ് ഫാൻസ് പോലും ഐപിഎല്ലിലുണ്ട്. ഇതൊക്കെ മുൻപത്തെ സീസണുകളിലും ഉണ്ടായിരുന്ന കാര്യമായതിനാൽ വലിയ പുതുമയൊന്നും ഇത് കേൾക്കുമ്പോൾ നമുക്ക് തോന്നില്ല. പക്ഷേ ഡെൽഹി ഡെയർഡെവിൾസിന് ഈ വർഷത്തെ ഐപിഎല്ലിൽ ലഭിക്കുന്ന ആരാധക പിന്തുണ മുൻ വർഷങ്ങളിൽ നമ്മൾ കാണാത്ത ആരാധക പിന്തുണയാണ് ഈ സീസണിൽ ഡെൽഹി ഡെയർഡെവിൾസിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ഡെൽഹി ആരാധകർ എണ്ണത്തിലല്ല മറിച്ച് അവർ വരുന്ന സ്ഥലത്തിന്റെ പേരിലാണ് വാർത്തകളിൽ നിറയുന്നത്. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ അവരുടെ ഹോം ഗ്രൗണ്ടിൽ ഡെൽഹി തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ ഗ്യാലറിയിൽ ഡെൽഹിക്ക് പിന്തുണ നൽകാൻ നേപ്പാളിൽ നിന്നുള്ള ഒരു കൂട്ടം ക്രിക്കറ്റ് പ്രേമികളുണ്ടായിരുന്നു. അവരിൽ ഒന്ന് രണ്ട് പേർ അണിഞ്ഞിരുന്നത് നേപ്പാൾ ദേശീയ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയായിരുന്നു. ഈ വർഷത്തെ ഐപിഎല്ലിൽ ഡെൽഹി ഡെയർഡെവിൾസ് സ്വന്തമാക്കിയ നേപ്പാൾ താരം സന്ദീപ് ലാമിച്ചനോടുള്ള സ്നേഹമാണ് ഇവരെ ഡെൽഹിയുടേയും ആരാധകരാക്കി മാറ്റിയത്. നേപ്പാളിൽ നിന്ന് വന്ന ആ ക്രിക്കറ്റ് സംഘം ഉയർത്തിയ ചെറിയ പോസ്റ്ററിൽ ഇങ്ങനെ എഴുതിയിരുന്നു, ‘ സന്ദീപ് ലാമിച്ചനെ പിന്തുണയ്ക്കാൻ 1497 കിലോമീറ്റർ സഞ്ചരിച്ചാണ് തങ്ങൾ എത്തിയിരിക്കുന്നത് ‘. സന്ദീപ് ലാമിച്ചനെ ടീമിലേക്ക് തിരഞ്ഞെടുത്തത് വഴി വലിയ ആരാധകക്കൂട്ടത്തെയാണ് നേപ്പാളിൽ നിന്ന് ഡെൽഹി ഡെയർഡെവിൾസിന് ലഭിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ നായകനായിരുന്ന മൈക്കല്‍ ക്ലര്‍ക്കിനെ വരെ തന്റെ ലെഗ് സ്പിൻ ബൗളിംഗ് കൊണ്ട് ആശ്ചര്യപ്പെടുത്തിയ താരമാണ് സന്ദീപ്. 2016ല്‍ ഹോങ്കോംഗില്‍ നടന്ന ഒരു പ്രാദേശിക ലീഗ് മത്സരത്തിനിടയിലാണ് മൈക്കല്‍ ക്ലാര്‍ക്ക് താരത്തിന്റെ ബൗളിംഗ് കാണുന്നത്. തുടര്‍ന്ന് താരത്തെ സിഡ്‌നിയിലെ ക്ലര്‍ക്കിന്റെ ക്രിക്കറ്റ് അക്കാദമിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയായിരുന്നു ക്ലര്‍ക്ക്. ഓസ്‌ട്രേലിയയില്‍ ലഭിച്ച പരിശീലനം സന്ദീപിന്റെ ബൗളിംഗിനെ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്തു.

2016ല്‍ ബംഗ്ലാദേശില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ 6 മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് സന്ദീപ്. അയര്‍ലന്‍ഡിനെതിരെ അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന മത്സരത്തില്‍ സന്ദീപിന്റെ ബൗളിംഗ് കരുത്തില്‍ നേപ്പാൾ അട്ടിമറി വിജയം നേടുകയും ചെയ്തു. 27 റണ്‍സ് മാത്രം വിട്ടു കൊടുത്ത് 5 അയര്‍ലാന്‍ഡ് വിക്കറ്റുകളാണ് മത്സരത്തില്‍ സന്ദീപ് പിഴുതത്. ഈ പ്രകടനങ്ങളൊക്കെയാണ് ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ താരലേലത്തിൽ നിന്ന് ലാമിച്ചനെ സ്വന്തമാക്കാൻ ഡെൽഹിയെ പ്രേരിപ്പിച്ചതും. ആദ്യ മത്സരത്തിൽ കളിക്കാൻ അവസരംലഭിച്ചിക്കെങ്കിലും വരും മത്സരങ്ങളിൽ കളിക്കാൻ കഴിയും എന്ന വിശ്വാസത്തിലാണ് ലാമിച്ചനും, നേപ്പാൾ ക്രിക്കറ്റ് ലോകവും.