SHARE

ഈ മാസം ഓസ്ട്രേലിയയിൽ ആരംഭിക്കാനിരിക്കുന്ന വനിതാ ടി20 ലോകകപ്പിൽ ഫ്രണ്ട് ഫുട് നോബോൾ ടെക്നോളജി ഉപയോഗപ്പെടുത്താൻ തീരുമാനിച്ച് ഐസിസി. കഴിഞ്ഞ കുറച്ച് നാളുകളായി പരീക്ഷണാടിസ്ഥാനത്തിൽ ക്രിക്കറ്റിൽ നടപ്പിലാക്കുന്ന ഫ്രണ്ട് ഫുട് നോ ബോൾടെക്നോളജി ഇതാദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിൽ ഐസിസി പ്രാബല്യത്തിൽ കൊണ്ടു വരുന്നത്. ഈ ടെക്നോളജി ഉപയോഗിക്കുന്നതോടെ ക്രിക്കറ്റിലെ നോബോൾ വിവാദങ്ങൾ കുറയും.

അതേ സമയം ഫ്രണ്ട് ഫുട് നോബോൾ ടെക്നോളജി ഉപയോഗിക്കുന്നതോടെ നോബോൾ കണ്ട് പിടിക്കുന്നതിനുള്ള ഉത്തരവാദിത്വം മൂന്നാം അമ്പയറുടേതാവും. കളിക്കിടെ ബോളർമാർ ഫ്രണ്ട് ഫുട് നോബോൾ എറിയുകയാണെങ്കിൽ അതിവേഗം ഈ വിവരം ഓൺ ഫീൽഡ് അമ്പയർക്ക് മൂന്നാം അമ്പയർ കൈമാറും. എന്നാൽ മറ്റ് തരത്തിലുള്ള നോബോളുകൾ ഇപ്പോളുള്ളത് പോലെ‌തന്നെ ഓൺ ഫീൽഡ് അമ്പയർമാർ തന്നെയാണ് കണ്ടെത്തേണ്ടത്.

കഴിഞ്ഞ വർഷം ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിൽ നടന്ന പരമ്പരയിലായിരുന്നു ഫ്രണ്ട് ഫുട് നോബോൾ ടെക്നോളജി ആദ്യമായി പരീക്ഷിച്ചത്‌‌. ഇത്തവണ നടക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലുംഫ്രണ്ട് ഫുട്നോബോൾ ടെക്നോളജിയുണ്ടായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.