SHARE

ഇംഗ്ലണ്ട് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ഹോംഗ്രൗണ്ടായ വെംബ്ലി സ്‌റ്റേഡിയം വാങ്ങിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ഫുള്‍ഹാം ഉടമ ഷാഹിദ് ഖാന്‍. 800 മില്യണ്‍ പൗണ്ടാണ് ശതകോടീശ്വരന്‍ സ്‌റ്റേഡിയത്തിന് വിലയിട്ടിരിക്കുന്നത്. വെംബ്ലി സ്‌റ്റേഡിയം വാങ്ങാന്‍ ഷാഹിദ് താല്പര്യം അറിയിച്ചതായി ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. എന്നാല്‍ വില്ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

പതിനൊന്ന് വര്‍ഷം മുമ്പ് 2007ലാണ് പുതിയ സ്റ്റേഡിയം വെംബ്ലിയില്‍ പണിതത്. 90,000 പേര്‍ക്ക് ഈ സ്റ്റേഡിയത്തിലിരുന്ന് കളി കാണാം. സ്റ്റേഡിയം വിറ്റാലും ദേശീയ ടീമിന് ഇവിടെ സൗജന്യമായി കളിക്കാമെന്നും നിശ്ചിത വരുമാനം ഫുട്‌ബോള്‍ അസോസിയേഷന് ലഭിക്കുമെന്നും ഫുള്‍ഹാം മാനേജ്‌മെന്റ് പറയുന്നു. ഇതുവഴി കൂടുതല്‍ പണം ഫുട്‌ബോള്‍ വികസനത്തിന് വകയിരുത്താന്‍ അസോസിയേഷന് സാധിക്കുമെന്ന വാദവും ശക്തമാണ്.

ഫുട്‌ബോള്‍ കൂടാതെ റഗ്ബി, ബോക്‌സിംഗ് മത്സരങ്ങള്‍ക്കും ഈ സ്‌റ്റേഡിയം വേദിയാകാറുണ്ട്. സ്‌റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തിക്ക് കൊടുക്കരുതെന്ന് പലകോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇംഗ്ലീഷ് ഫുട്‌ബോളിന്റെ പൈതൃകം പണയപ്പെടുത്തുന്നതിന് തുല്യമാകുമിതെന്നാണ് ഇവര്‍ പറയുന്നത്.