SHARE

ഐ-ലീ​ഗിൽ ഇനി ഇന്ത്യൻ ആരോസ് കളിക്കില്ല എന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെ‍ഡറേഷൻ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഏഎഫ്സി ലൈസൻസിങ്ങിലെ പ്രശ്നങ്ങൾ കാരണമാണ് അരോസ് പദ്ധതി അവസാനിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. പുതിയ ഐ-ലീ​ഗ് സീസൺ തുടങ്ങാൻ ആഴ്ചകൾ മാത്രം ശേഷിക്കെയാണ് ഈ തീരുമാനം വന്നത്.

ഇന്ത്യൻ യുവതാരങ്ങൾക്ക് കളിസമയം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടയാണ് ഫെഡറേഷൻ, ആരോസ് ടീം രൂപീകരിച്ചത്. എന്നാലിപ്പോൾ പദ്ധതി അവസാനിപ്പിച്ചതോടെ അനിശ്ചിതത്വത്തിലായിരിക്കുന്നത് ഒരുകൂട്ടം യുവതാരങ്ങളുടെ ഭാവിയാണ്. ക്ലബ് പിരിച്ചുവിട്ടതിനൊപ്പം ട്രാൻസ്ഫർ ജാലകത്തിന്റെ സമയപരിധി അവസാനിക്കുക കൂടി ചെയ്തതോടെ കുറച്ചുകാലത്തേക്കെങ്കിലും ഈ താരങ്ങൾക്ക് കളിക്കളത്തിൽ നിന്ന് മാറിനിൽക്കേണ്ടിവരും.

ഫിഫ ചട്ടപ്രകാരം ഒരു ക്ലബുമായി കരാറിലുള്ള താരങ്ങൾക്ക്, ട്രാൻസ്ഫർ ജാലകത്തിന്റെ സമയപരിധി അവസാനിച്ചശേഷം മറ്റ് ടീമുകളിൽ ചേക്കേറാനാകില്ല. ഇപ്പോൾ ആരോസ് പദ്ധതി അവസാനിപ്പിച്ചെങ്കിലും ടീമിലെ താരങ്ങൾ കരാറുള്ളവരാണ്. ഈ സാഹചര്യത്തിൽ ഇവർക്ക് തൽക്കാലം മറ്റ് ക്ലബുകളിലേക്ക് കൂടുമാറാനാകില്ല.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇപ്പോഴുള്ള ആരോസ് ടീം താരങ്ങൾ ജനുവരി വരെ ഫെഡറേഷന്റെ സംവിധാനങ്ങളിൽ പരിശീലനം തുടരും. ജനുവരിയിൽ പുതിയ ട്രാൻസ്ഫർ ജാലകം തുറക്കുമ്പോൾ ഈ താരങ്ങൾക്ക് ക്ലബ് വിടാം. ഏറ്റവും മികച്ച പരിശീലനസൗകര്യങ്ങൾ തന്നെ ഈ താരങ്ങൾക്ക് ലഭ്യമാക്കുന്ന ഫെഡറേഷൻ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.