SHARE

കോവിഡ് 19 ന്റെ വ്യാപനത്തെത്തുടർന്ന് അടുത്ത മാസം 15 ലേക്ക് നീട്ടിയ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം എഡിഷൻ കൂടുതൽ വൈകാൻ സാധ്യത. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതും, രോഗത്തിന്റെ സമൂഹ വ്യാപനമുണ്ടാകുമോയെന്ന ഭയവും കണക്കിലെടുത്ത് ടൂർണമെന്റ് നീട്ടി വെക്കാനുള്ള പദ്ധതികളിലാണ് ബിസിസിഐ. ഇന്ത്യ ടുഡേ പുറത്ത് വിടുന്ന റിപ്പോർട്ടിൽ ഈ വർഷാവസാനത്തേക്ക് ടൂർണമെന്റ് നീട്ടാൻ ബിസിസിഐ തുനിഞ്ഞേക്കുമെന്നാണ് പറയുന്നത്.

ഇന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, 8 ഐപിഎൽ ടീമുകളുടേയും ഉടമകളുമായി വീഡിയോ ടെലി കോൺഫറൻസിംഗ് വഴി സംവദിക്കുമെന്നും, ടീമുടമകളുമായി ഗാംഗുലി നടത്തുന്ന ഈ ചർച്ചയ്ക്ക് ശേഷം ഐപിഎല്ലിന്റെ ഭാവി അറിയാമെന്നുമാണ് റിപ്പോർട്ട്. കോവിഡ് 19 നെത്തുടർന്ന് ബിസിസിഐ ഓഫീസ് അടച്ചിട്ടിരിക്കുന്നതിനാലാണ് ഈ മീറ്റിംഗ് വീഡിയോ ടെലി കോൺഫറൻസിംഗിലൂടെ നടത്താൻ ബിസിസിഐ തീരുമാനിച്ചത്. അതേ സമയം ഈ മാസം 29-ം തീയതിയായിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസൺ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് 19 മഹാമാരി രാജ്യത്ത് കൂടുതൽ അപകടം വിതയ്ക്കാൻ തുടങ്ങിയതോടെ ടൂർണമെന്റിന്റെ തുടക്കം അടുത്ത മാസം 15 ലേക്ക് ബിസിസിഐ നീട്ടുകയായിരുന്നു.