SHARE

ഐ ലീഗ് ചാമ്പ്യന്‍മാരായ മിനര്‍വ്വാ പഞ്ചാബ് എഫ് സി മുന്നേറ്റതാരം ഗഗന്‍ദീപ് ബാലി ഈസ്റ്റ് ബംഗാളുമായി കരാറിലെത്തി. 27കാരനായ താരം സീസണില്‍ മിനര്‍വ്വയുടെ കിരീടനേട്ടത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. ഗഗന്‍ദീപിനെ ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയതായി ഗോള്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ 2017-18 സീസണില്‍ മിനര്‍വ്വക്ക് വേണ്ടി കളിച്ച ഗഗന്‍ദീപ് ബാലി ഈസ്റ്റ് ബംഗാളുമായി കരാറിലെത്തുകയാണ്, ഇതുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് മിനര്‍വ്വ നല്‍കിയിട്ടുണ്ട്’ – ഈസ്റ്റ് ബംഗാള്‍ വാക്താക്കള്‍ അറിയിച്ചതായാണ് റിപ്പോർട്ട്. സീസണില്‍ മിനര്‍വ്വക്ക് വേണ്ടി മൂന്നു ഗോളുകളാണ് ഗഗന്‍ദീപ് നേടിയത്.

സീസണില്‍ കോച്ച് ഖൊഗന്‍ സിംഗ് വ്യത്യസ്ത പൊസിഷനുകളില്‍ ഗഗന്‍ദീപിനെ പരീക്ഷിച്ചിരുന്നു. ഈ കഴിവ് തന്നെയാണ് താരത്തെ നോട്ടമിടാന്‍ ഈസ്റ്റ് ബംഗാളിനെ പ്രേരിപ്പിച്ചത്. നേരത്തെ മിനര്‍വ്വയുടെ സെനഗല്‍ താരം കാസിം അയ്ഡാറയെയും ഈസ്റ്റ് ബംഗാള്‍ ടീമിലെത്തിച്ചിരുന്നു.