SHARE

ഐ.പി.എല്ലിൽ മലയാളി താരം സഞ്ജു സാംസന്റെ ബാറ്റിങ് വെടിക്കെട്ടിന് പിന്നാല ട്വിറ്ററിൽ തർക്കിച്ച് മുൻ ഇന്ത്യൻ സൂപ്പർതാരം ​ഗൗതം ​ഗംഭീറും മറ്റൊരു സൂപ്പർതാരമായ മനോജ് തിവാരിയും. സഞ്ജുവാണ് ഇന്ത്യയിലെ മികച്ച യുവബാറ്റ്സ്മൻ എന്ന ​ഗംഭീറിന്റെ ട്വീറ്റിനെച്ചൊല്ലിയാണ് തർക്കം.

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലെ തകർപ്പൻ ഇന്നിങ്സിന് പിന്നാലെയാണ് ​ഗംഭീർ ട്വിറ്ററിലൂടെ സഞ്ജുവിനെ പുകഴ്ത്തിയത്. സഞ്ജു ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ്കീപ്പർ ബാറ്റ്സ്മൻ മാത്രമല്ല, ഏറ്റവും മികച്ച യുവബാറ്റ്സ്മാൻ കൂടിയാണെന്നായിരുന്നു ​ഗംഭീറിന്റെ ട്വീറ്റ്. ഇതിനൊപ്പം ആരെങ്കിലും തർക്കത്തിനുണ്ടോ എന്ന് കൂടി ​ഗംഭീർ ചോദിച്ചു. ഇതിനു മറുപടിയുമായാണ് തിവാരിയെത്തിയത്. മികച്ച ഇന്ത്യൻ യുവ ബാറ്റ്സ്മൻ ശുഭ്മൻ ​ഗില്ലാണ് ​ഗൗതി ഭായ് എന്നായിരുന്നു തിവാരിയുടെ ട്വീറ്റ്.

ചെന്നൈ സൂപ്പർകിങ്സിനെതിരെ 32 പന്തുകളിൽ നിന്ന് 74 റൺസ് നേടിയ രാജസ്ഥാൻ റോയൽസ് താരം സഞ്ജുവിന്റെ പ്രകടനം വലിയ ചർച്ചയായി. ഒരു ബൗണ്ടറിയും ഒമ്പത് സിക്സുമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് ​ഗ്രൗണ്ടിന്റെ നാലുഭാ​ഗത്തേക്കും പറന്നത്.