SHARE

കഴിഞ്ഞ ദിവസം കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിക്ക് സംഭവിച്ച ക്യാപ്റ്റൻസി പിഴവിനെ വിമർശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ‌. മത്സരത്തിലെ അവസാന ഓവർ മീഡിയം പേസ് ബൗളറായ ശിവം ദൂബെയ്ക്ക് നൽകിയ കോഹ്ലിയുടെ തീരുമാനത്തെ തിരഞ്ഞെടുത്ത് വിമർശിച്ച ഗംഭീർ, ടീമിലെ ഏറ്റവും മികച്ച ബോളറായിരുന്നു ആ ഓവർ എറിയേണ്ടിയിരുന്നതെന്നും ഇ എസ് പി എൻ ക്രിക്കിൻഫോയുടെ ടി20 ടൈം ഔട്ട് എന്ന പരിപാടിയിൽ സംസാരിക്കവെ ചൂണ്ടിക്കാട്ടി.

മത്സരത്തിൽ ശിവം ദൂബെ തന്റെ ആദ്യ രണ്ട് ഓവറുകൾ നന്നായി എറിഞ്ഞു എന്നത് ശരിയാണെങ്കിലും അവസാന ഓവറുകൾ എല്ലായ്പ്പോളും ടീമിലെ ഏറ്റവും മികച്ച ബോളറെക്കൊണ്ടാണ് എറിയിപ്പിക്കേണ്ടതെന്നാണ് ഗംഭീർ പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ” ശിവം ദൂബെ അദ്ദേഹത്തിന്റെ ആദ്യ രണ്ട് ഓവറുകൾ നന്നായി എറിഞ്ഞു എന്നത് എനിക്കറിയാം. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് മൂന്നാം ഓവറും കൊടുക്കാൻ നിങ്ങൾ തയ്യാറാവും, പക്ഷേ അവസാന ഓവറാവരുത് അത്. ഞാനായിരുന്നെങ്കിൽ നവ്ദീപ് സൈനിക്കോ, ഡെയിൽ സ്റ്റെയിനോ അവസാന ഓവർ കൊടുത്തേനെ, സ്റ്റെയിൻ മികച്ച ഡെത്ത് ഓവർ ബോളറല്ലെങ്കിൽപ്പോലും. അവസാന ഓവർ ടീമിലെ ഏറ്റവും മികച്ച ബോളർക്കാവും ഞാൻ നൽകുക.

കോഹ്ലി, നവ്ദീപ് സൈനിയുടെ ക്വോട്ട 17 ഓവറുകളായപ്പോളേക്കും തീർത്തു. അദ്ദേഹത്തിന് ഉമേഷ് യാദവിനെ വേണമെങ്കിലും ഉപയോഗിക്കാമായിരുന്നു. എന്നാൽ ശിവം ദൂബെയെ കൊണ്ട് അവസാന ഓവർ എറിയിച്ചത് മോശം കണക്കുകൂട്ടലായി.” ഗംഭീർ പറഞ്ഞു നിർത്തി.