SHARE

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി യിൽ ചേർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതംഗംഭീർ. ഡെൽഹിയിൽ കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്ലി, രവിശങ്കർ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ രാഷ്ട്രീയ പ്രവേശം.

രാഷ്ട്രീയത്തിനിറങ്ങാൻ താനില്ലെന്ന് നേരത്തെ പല തവണ പറഞ്ഞിരുന്ന ഗംഭീർ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പ്രവേശനം നടത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ ആരാധകർ അടക്കമുള്ളവർക്ക് വലിയ ഞെട്ടലാണ്‌ സമ്മാനിച്ചിരിക്കുന്നത്. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡെൽഹിയിലെ തന്റെ സ്വന്തം മണ്ഡലത്തിൽ അദ്ദേഹം മത്സരിക്കുകയും ചെയ്യും.

ഇന്ത്യയ്ക്ക്‌ രണ്ട് ലോകകിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഗംഭീർ കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. തുടർന്ന് ക്രിക്കറ്റ് കമന്ററിയും മറ്റുമായി സജീവമായിരുന്ന‌ സമയത്താണ് അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.