SHARE

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാതിവഴിയിൽ വെച്ചു നിർത്തിയ പതിനാലാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാംപാദ മത്സരങ്ങൾ ഈ മാസം യു എ ഇ യിൽ ആരംഭിക്കാനിരിക്കുകയാണ്. ആദ്യ പകുതി നിർത്തി വെച്ച് ഏകദേശം നാലര മാസത്തോളം കഴിഞ്ഞതിന് ശേഷമാണ് യു എ ഇ, ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നത്. ഇപ്പോളിതാ പതിനാലാം എഡിഷൻ ഐപിഎല്ലിനിടെ സംഭവിച്ച ഇടവേളയും, വേദി മാറ്റവും നിലവിലെ‌ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് പ്രയോജനകരമാകുമെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുൻ ഇന്ത്യൻ സൂപ്പർ താരം ഗൗതം ഗംഭീർ.

കഴിഞ്ഞ വർഷം‌ ഇതേ വേദികളിൽ വെച്ചു നടന്ന ഐപിഎല്ലിൽ മുംബൈ ചാമ്പ്യന്മാരായെന്ന്‌ പറയുന്ന ‌ഗംഭീർ, കഴിഞ്ഞ വർഷത്തെ അതേ ആനുകൂല്യം ഇക്കുറിയും അവർക്ക് അവിടെയുണ്ടാകുമെന്നും, എന്നാൽ കൊൽക്കത്ത, ഹൈദരാബാദ് എന്നീ ഫ്രാഞ്ചൈസികൾ ഇക്കുറി പ്ലേ ഓഫ് യോഗ്യത നേടാൻ കഷ്ടപ്പെടുമെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം സ്റ്റാർ സ്പോർട്സിന്റെ ഗെയിം പ്ലാൻ എന്ന പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു ഗംഭീർ ഇങ്ങനെ പറഞ്ഞത്.

“മുംബൈക്ക് ഒരിക്കൽക്കൂടി ആ മുൻ തൂക്കമുണ്ടാകും. ഒന്നാമത്തേത്, യു എ ഇ യിൽ നടന്ന കഴിഞ്ഞ ഐപിഎല്ലിൽ അവർ വിജയികളായിരുന്നു, ആ പഴയ സ്ഥലത്തേക്കാണ് അവർ തിരിച്ചു പോകുന്നത്‌. അടുത്തത്‌ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാൻ കഴിയുന്ന നിലയിലാണ് അവരുള്ളത് എന്നതാണ്. മറ്റ് ഫ്രാഞ്ചൈസികളെ നോക്കൂ, പ്രത്യേകിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺ റൈസേഴ്സ് ഹൈദരാബാദ് എന്നിവരെ, അവർക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നത് ബുദ്ധിമുട്ടാണ്. പഞ്ചാബ് കിംഗ്സിന് പോലും അങ്ങനെ തന്നെ. ഈ ഇടവേള കൊണ്ട് പ്രയോജനം ലഭിച്ച ഒരു‌ ഫ്രാഞ്ചൈസിയെ ചൂണ്ടിക്കാണിക്കാൻ ആവശ്യപ്പെട്ടാൽ ഞാൻ മുംബൈ ഇന്ത്യൻസിനെ പറയും.” ഗംഭീർ പറഞ്ഞു നിർത്തി