SHARE

പാകിസ്ഥാൻ ബോളർമാരിൽ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ഓഫ് സ്പിന്നർ സയീദ് അജ്മൽ ആയിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കഴിഞ്ഞ ദിവസം സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോളായിരുന്നു ഗംഭീർ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ഇന്ത്യൻ ഇതിഹാസ താരവും ടീമിൽ ഗംഭീറിന്റെ സഹ താരവുമായിരുന്ന വിവിഎസ് ലക്ഷ്മണും ഈ പരിപാടിയിൽ ഗംഭീറിനൊപ്പം പങ്കെടുത്തിരുന്നു.

പരിപാടിക്കിടെ, ഏത് പാകിസ്ഥാൻ ബോളർക്കെതിരെ ബാറ്റ് ചെയ്യുന്നതായിരുന്നു ഏറ്റവുമധികം ആവേശം നൽകിയിരുന്നത് എന്ന ചോദ്യത്തിന് അജ്മലിന്റെ പേര് ഉത്തരം നൽകിയ ഗംഭീർ, പാക് ടീമിൽ ഏറ്റവുമധികം ബുദ്ധിമുട്ട് തോന്നിയിട്ടുള്ള ബോളർ അദ്ദേഹം ആയിരുന്നുവെന്നും പറഞ്ഞു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, “സയീദ് അജ്മലിനെതിരായ പോരാട്ടമാണ് പാക് ടീമിനെതിരെ കളിക്കുമ്പോൾ താൻ ഏറ്റവുമധികം ആസ്വദിച്ചിട്ടുള്ളത്. കാരണം ഞാൻ നേരിട്ടിട്ടുള്ള ഏറ്റവും കഠിനമായ ഓഫ് സ്പിൻ ബോളർമാരിലൊരാളായിരുന്നു അജ്മൽ. ലൈറ്റിന് കീഴിൽ കളിക്കുമ്പോൾ അദ്ദേഹത്തിന്റെ ദൂസര മനസിലാക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. മാത്രമല്ല അദ്ദേഹം പന്തെറിഞ്ഞിരുന്ന വേഗതയും ഏറെ കഷ്ടപ്പെടുത്തിയിരുന്നു.” ഗംഭീർ പറഞ്ഞു നിർത്തി.