SHARE

ഇന്ത്യൻ പ്രീമിയർ ലീഗിൽ വെറും രണ്ട് ടീമുകൾക്ക് വേണ്ടി മാത്രം കളിച്ചിട്ടുള്ള സൂപ്പർ താരമാണ് ഗൗതം ഗംഭീർ. ഡെൽഹി ഫ്രാഞ്ചൈസിയിലും, കൊൽക്കത്ത ഫ്രാഞ്ചൈസിയിലുമാണ് താരം ഐപിഎല്ലിൽ കളിച്ചത്. 2018 ൽ ഡെൽഹി ക്യാപിറ്റൽസിന്റെ താരമായിരിക്കേ ഐപിഎൽ കരിയർ മതിയാക്കിയ ഗംഭീർ ഇപ്പോളിതാ ടീമിന്റെ സഹ ഉടമയാകാനുള്ള നീക്കത്തിലാണെന്നാണ് സൂചന. പുറത്ത് വരുന്ന റിപ്പോർട്ടുകൾ ശരിയാവുകയാണെങ്കിൽ അധികം താമസിയാതെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമെത്തുമെന്നാണ് കരുതുന്നത്.

നിലവിൽ ജി എം ആർ ഗ്രൂപ്പും, ജെ എസ് ഡബ്ല്യു ഗ്രൂപ്പുമാണ് ഡെൽഹി ക്യാപിറ്റൽസിന്റെ ഉടമസ്ഥർ. ഇരു കൂട്ടർക്കും ടീമിൽ 50 ശതമാനം ഓഹരികളാണുള്ളത്. ഇതിൽ ജി എം ആർ ഗ്രൂപ്പിന്റെ കൈയ്യിൽ നിന്ന് 10 ശതമാനം ഓഹരികൾ വാങ്ങാനാണ് ഗംഭീറിന്റെ പദ്ധതി. 100 കോടി ഇന്ത്യൻ രൂപയോളമാണ് ഇതിനായി ഗംഭീറിന് മുടക്കേണ്ടി വരിക. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് തന്നെ ഇക്കാര്യത്തിൽ ചർച്ചകൾ തുടങ്ങിയിരുന്നതായും എഗ്രിമെന്റുകളിൽ ഇരു കൂട്ടരും ഒപ്പുവെക്കുന്നതോടെ സംഭവം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് സൂചന.