SHARE

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ നേട്ടമായിരുന്നു 2011 ലോകകപ്പ് വിജയം. ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 31 റണ്‍സിനിടെ വീരേന്ദര്‍ സേവാഗിനെയും സച്ചിന്‍ ടെണ്ടുല്‍ക്കറെയും നഷ്ടപ്പെട്ടു. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ഗൗതം ഗംഭീറും മഹേന്ദ്രസിംഗ് ധോണിയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 35 റണ്‍സെടുത്ത വിരാട് കോഹ്ലിയും 21 റണ്‍സെടുത്ത യുവരാജ് സിംഗും വിജയത്തില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. ധോണി 91 റണ്‍സാണ് മത്സരത്തില്‍ നേടിയത്.

മത്സരത്തില്‍ പെട്ടെന്ന് തന്നെ വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെ അവസ്ഥ എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മത്സരത്തില്‍ 97 റണ്‍സെടുത്ത ഗംഭീര്‍. ‘ ഒന്നോ രണ്ടോ താരങ്ങള്‍ മാത്രമല്ല, ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്ന മുഴുവന്‍ താരങ്ങളും ഇന്ത്യ വിജയിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു, ഇത്തരത്തിലൊരു അവസരം ലഭിച്ചിട്ട് അത് വിട്ടുകളയാന്‍ ആര്‍ക്കും മനസ്സുണ്ടായിരുന്നില്ല, 275 റണ്‍സാണ് ചേസ് ചെയ്യുന്നത്, സേവാഗിനെയും നഷ്ടപ്പെടുമ്പോള്‍ ഞാന്‍ ബാറ്റിംഗിനായി തയ്യാറെടുത്തിട്ട് പോലുമുണ്ടായിരുന്നില്ല, എന്നാല്‍ ഇറങ്ങിയയുടനെ ആദ്യ പന്ത് തന്നെ മലിംഗയെ ബൗണ്ടറി കടത്താന്‍ കഴിഞ്ഞു, അത് ആത്മവിശ്വാസം നല്‍കി,’ -ഗംഭീര്‍ പറഞ്ഞു.