SHARE

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തലവര മാറ്റിയെഴുതിയ ക്യാപ്റ്റനാണ് ഗൗതം ഗംഭീർ. ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാക്കി കൊൽക്കത്തയെ മാറ്റിയ ഗംഭീർ രണ്ട് ഐപിഎൽ കിരീടങ്ങളും അവർക്ക്‌ സമ്മാനിച്ചു. ഇപ്പോളിതാ ഗംഭീറിന്റെ നായക മികവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുൻ സഹ പരിശീലകനായ വിജയ് ദഹിയ.

തന്റെ സഹതാരങ്ങൾക്ക് വലിയ പിന്തുണ നൽകുന്ന ക്യാപ്റ്റനായിരുന്നു ഗംഭീറെന്ന് ചൂണ്ടിക്കാട്ടുന്ന ദഹിയ, 2012 ലെ ഐപിഎൽ ലേലത്തിൽ നിന്ന് ഏത് വിധേനയും വിൻഡീസ് സ്പിന്നർ സുനിൽ നരൈനെ ടീമിലെത്തിക്കണമെന്ന് ഗംഭീർ നിർദ്ദേശം നൽകിയിരുന്നതായും ഓർത്തെടുക്കുന്നു.

-Advertisement-

ഇതേക്കുറിച്ച് ദഹിയയുടെ വാക്കുകൾ ഇങ്ങനെ, ” ഞാൻ ഇപ്പോളും ഓർക്കുന്നു, 2012 ലെ ഐപിഎൽ ലേലത്തിന് മുൻപ് ഗംഭീർ ഓസ്ട്രേലിയൻ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിനൊപ്പം അവിടെയായിരുന്നു. ഇതിനിടയിൽ അദ്ദേഹം വിളിച്ച് എന്ത് സംഭവിച്ചാലും സുനിൽ നരൈനെ ലേലത്തിൽ നിന്ന് ടീമിലെത്തിക്കണമെന്ന് പറഞ്ഞു. ഇത് പോലുള്ള നായകന്മാരെയാണ് നമുക്ക് വേണ്ടത്.” ദഹിയ പറഞ്ഞു നിർത്തി.

അതേ സമയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആ വർഷം ലേലത്തിൽ നിന്ന് സുനിൽ നരൈനെ സ്വന്തമാക്കുകയും പിന്നീട് അദ്ദേഹം ഐപിഎല്ലിലെ‌ തന്നെ ഏറ്റവും അപകടകാരിയായ ബോളറായി മാറിയതും ചരിത്രം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിച്ച 110 മത്സരങ്ങളിൽ 122 വിക്കറ്റുകൾ വീഴ്ത്തിയ നരൈൻ, രണ്ട് തവണ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.