SHARE

ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് ടോസ് ഇല്ലാതാക്കാനുള്ള നീക്കം ഐ സി സി ആലോചിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. മത്സരങ്ങളില്‍ ഹോം ടീമുകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം ഇല്ലാതാക്കാനാണ് പുതിയ നീക്കമെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഈ നീക്കത്തോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.

‘ ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ടോസ് ഇല്ലാതാക്കുകയാണെന്ന് കേള്‍ക്കുന്നു, അത് നടപ്പാക്കുമോ ഇല്ലയോ എന്നറിയില്ല, പക്ഷേ, ഞാന്‍ ആ നീക്കത്തോട് യോജിക്കുന്നില്ല, കോയിന്‍ ടോസ് വേണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം’ – ഗാംഗുലി മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. 1877ലെ ടെസ്റ്റ് ക്രിക്കറ്റിന്റെ തുടക്കം മുതല്‍ ടോസ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇനി മുതല്‍ ടോസ് ഒഴിവാക്കി, സന്ദര്‍ശക ക്യാപ്റ്റന്‍ ആര് ആദ്യം ബാറ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്ന തരത്തില്‍ നിയമം മാറ്റിയെഴുതാനാണ് ചര്‍ച്ച നടക്കുന്നത്. ഹോം ടീമുകള്‍ അവര്‍ക്ക് അനുയോജ്യമായ തരത്തില്‍ പിച്ചുകള്‍ ഒരുക്കുന്നത് തടയാന്‍ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മെയ് 28, 29 തിയ്യതികളില്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഐ സി സി ക്രിക്കറ്റ് കമ്മിറ്റി മീറ്റിംഗില്‍ ടെസ്റ്റില്‍ നിന്ന് ടോസ് ഒഴിവാക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. അനില്‍ കുംബ്ലെ, ആന്‍ഡ്ര്യൂ സ്‌ട്രോസ്, മഹേല ജയവര്‍ധനെ, രാഹുല്‍ ദ്രാവിഡ്, ടിം മേയ്, ഡേവിഡ് വൈറ്റ്, റിച്ചാര്‍ഡ് കെറ്റില്‍ബോറോ, രഞ്ജന്‍ മഡുഗല്ലെ, ഷോണ്‍ പൊള്ളോക്ക്, ക്ലെയര്‍ കോണോര്‍ എന്നിവര്‍ക്കൊപ്പം നിലവിലെ അന്താരാഷ്ട്ര കോച്ചുമാരുടെ പ്രതിനിധിയും മീറ്റിംഗില്‍ പങ്കെടുക്കുന്നുണ്ട്.