SHARE

ന്യൂസിലൻഡിനെതിരായ ലോകകപ്പ്‌ സെമി ഫൈനൽ മത്സരത്തിൽ സൂപ്പർ താരം മൊഹമ്മദ് ഷാമിയെ ഇന്ത്യ കളിപ്പിക്കാതിരുന്നതിന് എതിരെ മുൻ താരങ്ങൾ രംഗത്ത്. ഈ ലോകകപ്പിൽ മിന്നും ബോളിംഗ് പ്രകടനം പുറത്തെടുത്ത ‌ഷാമിക്ക് പകരം ഭുവനേശ്വർ കുമാറിനെയായിരുന്നു ഇന്ത്യ സെമിയിൽ കളത്തിലിറക്കിയത്. മികച്ച ഫോമിലുള്ള ഷാമിക്ക് പകരം ഭുവിയെ കളിപ്പിച്ചത് മുൻ താരങ്ങളടക്കമുള്ളവരുടെ നെറ്റി ചുളിപ്പിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം വിമർശിച്ച് ചില താരങ്ങളും രംഗത്തെത്തി.

അഞ്ച് മത്സരങ്ങളിൽ നിന്ന് 7 വിക്കറ്റുകളെടുത്ത ഭുവനേശ്വർ കുമാറിനേക്കാൾ സെമി കളിക്കാൻ യോഗ്യൻ 4 മത്സരങ്ങളിൽ 14 വിക്കറ്റുകളെടുത്ത ഷമിയായിരുന്നുവെന്നാണ് ഭൂരിപക്ഷം ആരാധകരുടേയും അഭിപ്രായം. മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയും, പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്ലെയും ഇക്കാര്യത്തിൽ പ്രതികരണം നടത്തി. ഷാമിയെ ടീമിൽ നിന്ന് ഒഴിവാക്കിയത് ആശ്ചര്യപ്പെടുത്തിയെന്ന് ഇരുവരും പറഞ്ഞപ്പോൾ, അത് ശരിയായ തീരുമാനമല്ലെന്നായിരുന്നു മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ അഭിപ്രായം.

അതേ സമയം ഷാമിക്ക് പകരം ടീമിലെത്തിയ ഭുവനേശ്വർ കുമാർ മികച്ച രീതിയിൽ ന്യൂസിലൻഡിനെതിരെ പന്തെറിഞ്ഞു. മഴ കളി മുടക്കുന്നതിന് മുന്നേ 8.1 ഓവറുകൾ എറിഞ്ഞ ഭുവി കോളിൻ ഡി ഗ്രാൻഡ് ഹോമിന്റെ വിക്കറ്റും മത്സരത്തിൽ വീഴ്ത്തി.