SHARE

ഇന്ത്യൻ ഇതിഹാസ താരം സൗരവ് ഗാംഗുലിയെ വരും സീസൺ ഐപിഎല്ലിൽ തങ്ങളുടെ ഉപദേശകനായി നിയമിച്ച് ഐപിഎൽ ടീം ഡെൽഹി ക്യാപിറ്റൽസ്. അല്പം മുൻപ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഡെൽഹി ഫ്രാഞ്ചൈസി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗാംഗുലി ആരാധകർക്ക് ഏറെ ആവേശം നൽകുന്ന വാർത്തയാണിത്.

ക്രിക്കറ്റ് ലോകത്തെ ഏറ്റവും കൂടുതൽ ആവേശത്തിലാഴ്ത്തുന്നത് ഗാംഗുലിയും ഓസീസ് ഇതിഹാസം റിക്കി‌പോണ്ടിംഗും ഐപിഎല്ലിൽ ഒരുമിച്ച് ഡ്രെസ്സിംഗ് റൂം പങ്കിടാൻ പോകുന്നുവെന്നതാണ്. നിലവിൽ ഡെൽഹിയുടെ പരിശീലകനാണ് ഓസീസ് ഇതിഹാസ താരം റിക്കി പോണ്ടിംഗ്. കളിച്ച് കൊണ്ടിരുന്ന‌ സമയത്ത് ചിരവൈരികളായിരുന്ന ഇരുവരുടേയും സേവനം ഒരുമിച്ച് ലഭിക്കുന്നത് ഇത്തവണ ഡെൽഹിക്കും വളരെയധികം ഗുണം ചെയ്യും. ഐപിഎല്ലിൽ ഇതേ വരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ലാത്ത ടീമെന്ന ചീത്തപ്പേര് മാറ്റാൻ ഗാംഗുലി-പോണ്ടിംഗ് സഖ്യത്തിന്റെ ഡ്രെസ്സിംഗ് റൂമിലെ സാന്നിധ്യം ഡെൽഹിയെ സഹായിക്കുമെന്നാണ് ആരാധക പ്രതീക്ഷ.