SHARE

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിർമ്മാണം അഹമ്മദാബാദിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. 700 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഈ സ്റ്റേഡിയത്തിൽ 1.10 ലക്ഷം ആൾക്കാർക്ക് കളി‌കാണാനുള്ള സൗകര്യമുണ്ടാകും. 1,00,024 ലക്ഷം കാണികളെ ഉൾക്കൊള്ളുന്ന ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയമാകും, അഹമ്മദാബാദിൽ പണി നടന്ന് കൊണ്ടിരിക്കുന്ന സർദാർ പട്ടേൽ സ്റ്റേഡിയം നിലവിൽ വരുന്നതോടെ രണ്ടാം സ്ഥാനത്താവുക. അടുത്ത വർഷം മാർച്ചിൽ സർദാർ പട്ടേൽ സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങൾക്കായി തുറന്ന് കൊടുക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വാർത്ത. ഇതിനൊപ്പം ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് മറ്റൊരു ആവേശ വാർത്ത കൂടി നൽകിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

അടുത്ത വർഷം മാർച്ചിൽ നിർമ്മാണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരം ലോക ഇലവനും, ഏഷ്യൻ ഇലവനും തമ്മിൽ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ ഗാംഗുലി. ഈ മത്സരം നടത്താൻ ഐസിസിയുടെ അനുമതി ചോദിച്ച് കഴിഞ്ഞതായും ഐസിസി ഇക്കാര്യം എതിർക്കില്ലെന്നുമാണ് ഗാംഗുലി സൂചന നൽകിയിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആവേശമാണ് ഈ വാർത്ത സമ്മാനിക്കുന്നത്.