ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് രാജ്യത്ത് നടത്താൻ കഴിഞ്ഞേക്കില്ലെന്ന് ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനുമായിരുന്ന സൗരവ് ഗാംഗുലി. ഈ വർഷാവസാനം വരെയോ, അടുത്ത വർഷം ആദ്യം വരെയോ ഇന്ത്യയിൽ നിന്ന് കോവിഡിന്റെ ഭീകരത മാറില്ലെന്നും ഈ സാഹചര്യത്തിൽ ടൂർണമെന്റ് ഇവിടെ നടത്തുക പ്രായോഗികമല്ലെന്നുമാണ് ഗാംഗുലി പറയുന്നത്.
കോവിഡിനെതിരെയുള്ള വാക്സിൻ കണ്ടു പിടിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് താനെന്ന് ഗാംഗുലി പറയുന്നു. അത് വരെ എല്ലാവരും കുറച്ച് കൂടി കരുതലോടെ ഇരിക്കണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. ഇതിനെതിരെയുള്ള മരുന്ന് പുറത്ത് വന്നുകഴിഞ്ഞാൽ മറ്റെല്ലാ അസുഖങ്ങളും മാറുന്നത് പോലെ ഇവിടുത്തെ പ്രശ്നങ്ങളെല്ലാം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം ഇന്ത്യയ്ക്ക് പുറത്തേക്ക് ഇത്തവണ ഐപിഎൽ മാറ്റേണ്ടി വന്നാൽ മൂന്ന് ഓപ്ഷനുകളാണ് ബിസിസിഐയ്ക്ക് മുന്നിലുള്ളത്. യു എ ഇ, ശ്രീലങ്ക, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ ആണിത്. ഇത്തവണത്തെ ഐപിഎല്ലിന് ആതിഥേയരാൻ ഈ മൂന്ന് രാജ്യങ്ങളും നേരത്തെ ബിസിസിഐയ്ക്ക് മുന്നിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു.