SHARE

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സമീപകാലത്ത് പിടിച്ചുകുലുക്കിയ വിവാദമായിരുന്നു ക്യാപ്റ്റൻസിയെച്ചൊല്ലിയുള്ളത്. ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ വിരാട് കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ ചുമതലയിൽ നിന്ന് നീക്കുകയായിരുന്നു. സംഭവത്തിൽ ബിസിസിഐയും കോഹ്ലിയും മുഖാമുഖം വന്നതോടെ ആരാധകരും രണ്ട് തട്ടിലായി.

ടി20 ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ കോഹ്ലിയോട് ആവശ്യപ്പെട്ടിരുന്നെന്നാണ് ഇതേക്കുറിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ​ഗാം​ഗുലി പറഞ്ഞത്. എന്നാൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെടുന്നതിന് തൊട്ടുമുമ്പ് പത്രസമ്മേളനത്തിൽ പങ്കെടുത്ത കോഹ്ലി, ​ഗാം​ഗുലിയുടെ വാദങ്ങൾ നിഷേധിച്ചു. മാത്രവുമല്ല ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കുന്ന കാര്യം പോലും അവസാനിമിഷമാണ് അറിയിച്ചതെന്നും തുറന്നടിച്ചു. കോഹ്ലിയുടെ ഈ പത്രസമ്മേളനത്തിന് പിന്നാലെ ബിസിസിഐയ്ക്കെതിരെ രൂക്ഷവിമർശനങ്ങളാണുയർന്നത്.

എന്നാൽ കോഹ്ലിയുടെ ഈ പത്രസമ്മേളനത്തിനെതിരെ നടപടിയെടുക്കാൻ ​ഗാം​ഗുലി ഒരുങ്ങിയിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് പ്രകാരം കോഹ്ലിയോട് ഈ പത്രസമ്മേളനത്തിന്റെ പേരിൽ വിശദീകരണം ആവശ്യപ്പെടാൻ ​ഗാ​ഗുംലി ഒരുങ്ങി. ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ ഇടപെടലാണ് ഈ നീക്കത്തിൽ നിന്ന് ​പിന്മാറാൻ ​ഗാം​ഗുലിയെ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിനെ ഈ നീക്കം പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയാണ് ഇതിന് കാരണമെന്നും സൂചനയുണ്ട്.