SHARE

വിഖ്യാത താരം ​ഗാരെത് ബെയിൽ യൂറോപ്യൻ ക്ലബ് ഫുട്ബോളിനോട് വിടപറയും. വിങ്ങറായ ബെയിലിന്റെ അടുത്ത തട്ടകം അമേരിക്കൻ ക്ലബ് ലോസ് ആഞ്ജലീസ് എഫ്സിയാണെന്നാണ് സൂചന. പ്രശസ്ത ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ സീസണവസാനത്തോടെ ബെയിൽ സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡുമായി വേർപിരിഞ്ഞിരുന്നു. തുടർന്ന് പുതിയ തട്ടകം തേടുകയായിരുന്നു ബെയിൽ. ഖത്തർ ലോകകപ്പ് കൂടി മുന്നിൽ കണ്ട് ബെയിൽ യൂറോപ്പിൽ തന്നെ തുടരുമെന്നായിരുന്നു ആദ്യം കരുതപ്പെട്ടിരുന്നത്. വെയിൽസിൽ നിന്നുള്ള ക്ലബായ കാർഡിഫ് സിറ്റി ബെയിലിനെ ഒപ്പം കൂട്ടുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാലിപ്പോൾ ഇത് നടക്കില്ല എന്നാണ് ഫാബ്രീസിയോ പറയുന്നത്.

അമേരിക്കയിലെ മേജർ ലീ​ഗ് സോക്കറിൽ കളിക്കുന്ന ക്ലബാണ് ലോസ് അഞ്ജലീസ്. ഫ്രീ ട്രാൻസ്ഫറായെത്തുന്ന ബെയിൽ ക്ലബുമായി ഒരു വർഷത്തെ കരാറാണ് ഒപ്പുവച്ചത്. ഇത് വേണമെങ്കിൽ പുതുക്കാനും അവസരമുണ്ട്. നേരത്തെ ഇറ്റാലിയൻ സൂപ്പർതാര ജോർജ്യോ കെല്ലിനിയും ഇതേ ക്ലബിലേക്ക് കൂടുമാറിയിരുന്നു.