SHARE

മുൻ ഇന്ത്യൻ പരിശീലകനായ ഗാരി കിർസ്റ്റണേയും, മുൻ ഇന്ത്യൻ പേസറായ ആശിഷ് നെഹ്‌റയേയും തങ്ങളുടെ പരിശീലക സംഘത്തിൽ ഉൾപ്പെടുത്താൻ ഐപിഎല്ലിലേക്ക് പുതുതായെത്തുന്ന ലക്നൗ ഫ്രാഞ്ചൈസിക്ക് താല്പര്യമുണ്ടെന്നും, ഈ താല്പര്യവുമായി രണ്ട് പേരെയും അവർ സമീപിച്ചെന്നും റിപ്പോർട്ട്. എന്നാൽ ലക്നൗ ഫ്രാഞ്ചൈസിയിൽ നിന്ന് ഓഫർ വന്നെങ്കിലും കിർസ്റ്റണോ, നെഹ്‌റയോ ഇക്കാര്യത്തിൽ അന്തിമ തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ലെന്നാണ് സൂചനകൾ. കഴിഞ്ഞ ദിവസം ക്രിക്ബസാണ് ഈ വാർത്ത പുറത്ത് വിട്ടത്.

2011 ലെ ഏകദിന ലോകകപ്പിൽ കിരീടം ചൂടുമ്പോൾ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്നു മുൻ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരമായ ഗാരി കിർസ്റ്റൺ. ഈ ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ച വെച്ച താരമാണ് നെഹ്റ‌. കളിക്കളത്തിൽ നിന്ന് വിരമിച്ചതിന് ശേഷം പരിശീലക രംഗത്തേക്ക് തിരിഞ്ഞ നെഹ്‌റക്ക് ഐപിഎല്ലിലും പരിശീലകനായി പ്രവർത്തിച്ച് പരിചയമുണ്ട്.

അതേ സമയം 2015 ൽ ഡെൽഹി ക്യാപിറ്റൽസിന്റെ പരിശീലകനായാണ് ഗാരി കിർസ്റ്റൺ ഐപിഎല്ലിലെ തന്റെ പരിശീലക കരിയറിന് തുടക്കമിടുന്നത്. എന്നാൽ ദയനീയ പ്രകടനമായിരുന്നു കിർസ്റ്റണ് കീഴിൽ ഡെൽഹി കാഴ്ച വെച്ചത്. 2015, 2016 സീസണിൽ കിർസ്റ്റന്റെ പരിശീലനത്തിന് കീഴിൽ ഐപിഎല്ലിനിറങ്ങിയ ഡെൽഹി, ഈ സമയത്ത് കളിച്ച 28 മത്സരങ്ങളിൽ 20ലും തോറ്റു. തുടർന്ന് ഒരു വർഷം ഐപിഎല്ലിൽ നിന്ന് വിട്ടു നിന്ന അദ്ദേഹം 2018 ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പരിശീലകനായി വീണ്ടും ടൂർണമെന്റിലേക്ക് തിരിച്ചെത്തി. എന്നാൽ രണ്ട് വർഷം ബാംഗ്ലൂരിനൊപ്പം പ്രവർത്തിച്ചെങ്കിലും അവിടെയും കാര്യമായ നേട്ടങ്ങളിലേക്ക് ടീമിനെ നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

അതേ സമയം കിർസ്റ്റൺ, ബാംഗ്ലൂരിന്റെ പരിശീലകനായിരുന്ന സമയത്ത് നെഹ്റയും ടീമിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്നു. അത് കൊണ്ടു തന്നെ ഇരുവരും ലക്നൗ ടീമിന്റെ പരിശീലക സംഘത്തിലേക്ക് കടന്നു വരുകയാണെങ്കിൽ അത് അവർക്കൊരു റീയൂണിയൻ കൂടിയായിരിക്കും.