SHARE

അടുത്ത ഐപിഎല്‍ സീസണിനൊരുങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് സന്തോഷവാര്‍ത്ത. മുഖ്യ പരിശീലകന്‍ ഗാരി കിര്‍സ്റ്റണ്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലകനായേക്കുമെന്ന വാര്‍ത്തകളുടെ ചങ്കിടിപ്പിലായിരുന്നു ടീം മാനേജ്‌മെന്റ്. എന്നാല്‍ കിര്‍സ്റ്റന്റെ അപേക്ഷ ബിസിസിഐ തള്ളി. ഒരാള്‍ക്ക് ഒരു പദവിയെന്ന ലോധ കമ്മിറ്റിയുടെ നിര്‍ദേശമാണ് ദക്ഷിണാഫ്രിക്കന്‍ പരിശീലകന് തിരിച്ചടിയായതും ആര്‍സിബിക്ക് സന്തോഷം നല്കുന്നതും.

നിലവില്‍ ബിസിസിഐയുമായി ബന്ധപ്പെട്ട് നില്ക്കുന്ന ആര്‍ക്കും ഒരു പദവിയേ വഹിക്കാനാകൂ. അതുകൊണ്ട് തന്നെ വനിതാ ടീം പരിശീലക സ്ഥാനത്തേക്ക് കിര്‍സ്റ്റന്‍ നല്കിയ അപേക്ഷ നിലനില്ക്കില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി. ഡാനിയേല്‍ വെട്ടോറിയെ ഒഴിവാക്കി ആര്‍സിബി കിര്‍സ്റ്റനെ പരിശീലകനാക്കിയത് അടുത്തിടെയാണ്.

വനിതാ പരിശീലക സ്ഥാനത്തേക്ക് എത്തപ്പെടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ മുന്നിലുള്ളത് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹെര്‍ഷല്‍ ഗിബ്‌സും ഇന്ത്യന്‍ പേസറായിരുന്ന വെങ്കിടേഷ് പ്രസാദുമാണ്. ഇന്ത്യക്കാരന്‍ തന്നെ കോച്ചായി മതിയെന്ന് തീരുമാനിച്ചാല്‍ പ്രസാദിനാകും നറുക്ക് വീഴുക. ആകെ 28 പേര്‍ ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ട്. ഡിസംബര്‍ ഇരുപത്തിനാണ് ഇന്റര്‍വ്യൂ.