SHARE

പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബാറ്റിംഗ് പരിശീലകനാണ് ഗാരി കിർസ്റ്റൺ. മുൻ ഇന്ത്യൻ കോച്ചായിരുന്ന കിർസ്റ്റന്റെ സാന്നിധ്യവും പക്ഷേ ബാംഗ്ലൂരിനെ ഇത്തവണ മികച്ച പ്രകടനങ്ങളിലേക്ക് നയിച്ചില്ല. ടൂർണമെന്റിൽ ഇതേ വരെ പത്ത് മത്സരങ്ങൾ കളിച്ചതിൽ മൂന്നെണ്ണം മാത്രം ജയിക്കാനായ അവർ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. നിലവിലെ അവസ്ഥയിൽ അവരുടെ പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു‌. അത് കൊണ്ടു തന്നെ ഈ വർഷത്തെ ഐപിഎൽ വിജയികൾ ആരായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ഗാരി കിർസ്റ്റണോട് ചോദിച്ചപ്പോൾ ബാംഗ്ലൂർ അല്ലാതെ മറ്റൊരു ടീമിന്റെ പേരായിരുന്നു അദ്ദേഹം പറഞ്ഞത്.

ഈ വർഷത്തെ ഐപിഎൽകിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിനാണെന്ന് കിർസ്റ്റൺ പറയുന്നു. ഐപിഎൽ പോലൊരു ലീഗ് എപ്പോളും അപ്രവചനീയമാണെന്നും എന്നാൽ നിലവിലെ ഫോം അനുസരിച്ച് കിരീടം ചെന്നൈയിലെത്തിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീം ചെന്നൈ സൂപ്പർ കിംഗ്സ് തന്നെയാണ്. അവരുടെ നായകനായ ധോണിയുടെ ഈ സീസണിലെ തകർപ്പൻ ഫോമിനെ എല്ലാവരും പ്രകീർത്തിക്കുന്നുണ്ട്, എന്നാൽ തനിക്ക് അതിൽ യാതൊരു അദ്ഭുതവുമില്ല, കാരണം എപ്പോളും അവിശ്വസനീയമായ കാര്യങ്ങൾ ഗ്രൗണ്ടിൽ നടപ്പിലാക്കാൻ കഴിവുള്ള താരമാണ് ധോണി. മുൻ ദക്ഷിണാഫ്രിക്കൻ താരം പറഞ്ഞുനിർത്തി.

അതേ സമയം നിലവിൽ 10 മത്സരങ്ങളിൽ 14 പോയിന്റ് നേടിയിട്ടുള്ള ചെന്നൈ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. നായകൻ മഹേന്ദ്ര സിംഗ് ധോണിയുടേയും, അമ്പാട്ടി റായുഡുവിന്റേയും തകർപ്പൻ ഫോമാണ് സീസണിൽ അവരെ മുന്നോട്ട് നയിക്കുന്നത്.