SHARE

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന എലിമിനേറ്റർ പോരാട്ടത്തിൽ മോശം ഷോട്ട് സെലക്ഷനിലൂടെ വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിരാട് കോഹ്ലിക്കും, ഗ്ലെൻ മാക്സ്‌വെല്ലിനും മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറിന്റെ വിമർശനം. മത്സരത്തിൽ പരാജയം നേരിട്ട് ബാംഗ്ലൂർ ഐപിഎല്ലിൽ നിന്ന് പുറത്തായതിന് പിന്നാലെ ഇ എസ് പി എൻ ക്രിക്കിൻഫോയോട് സംസാരിക്കവെയായിരുന്നു കോഹ്ലിക്കും, മാക്സ്‌വെല്ലിനുമെതിരെ ഗംഭീർ തുറന്നടിച്ചത്‌.

നേരത്തെ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത വിരാട് കോഹ്ലി പതിമൂന്നാം ഓവറിൽ സുനിൽ നരൈന്റെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. മികച്ച ഫോമിലുള്ള മാക്സ്‌വെല്ലാകട്ടെ പതിനേഴാം ഓവറിൽ നരൈന് തന്നെ വിക്കറ്റ് സമ്മാനിച്ചു മടങ്ങി. ഇതിൽ കോഹ്ലി പതിനാറാം ഓവർ വരെയെങ്കിലും ക്രീസിലുണ്ടാവേണ്ടതായിരുന്നുവെന്ന് പറയുന്ന ഗംഭീർ, മോശം ഷോട്ട് സെലക്ഷനായിരുന്നു കോഹ്ലിയുടേതെന്നും കുറ്റപ്പെടുത്തി. സുനിൽ നരൈന്റെ സ്പെല്ലിൽ രണ്ട് പന്തുകൾ മാത്രം ശേഷിക്കെ വലിയ ഷോട്ടിന് ശ്രമിച്ച് മാക്സ്‌വെൽ പുറത്തായതിനെ വിമർശിക്കുന്ന‌ ഗംഭീർ, ശിവം മാവിയെ ലക്ഷ്യമിടാൻ മാക്സ്‌വെൽ കാത്തിരിക്കേണ്ടതായിരുന്നുവെന്നും കൂട്ടിച്ചേർത്തു.

“വളരെ ദയനീയമായ ബാറ്റിംഗ്, മോശം ഷോട്ട് സെലക്ഷനും. പതിനാറാം ഓവർ വരെ ബാറ്റ് ചെയ്യേണ്ട ഒരാളായിരുന്നു (കോഹ്ലി). ഞെട്ടിക്കുന്ന ഷോട്ട് കളിച്ച് തെറ്റായ സമയത്ത് വിരാട് പുറത്തായതാണ് തുടക്കം (ബാംഗ്ലൂരിന്റെ തകർച്ചക്ക്). പിന്നെ മാക്സ്‌വെൽ, സുനിൽ നരൈന്റെ ഓവറിൽ 2 പന്തുകൾ മാത്രം ശേഷിക്കെ നിങ്ങൾ എന്തിനാണ് ആ ഷോട്ട് കളിക്കുന്നത്? അവന് ശിവം മാവിയെ ലക്ഷ്യം വെക്കാമായിരുന്നു.” ഗംഭീർ പറഞ്ഞു നിർത്തി.